കൊച്ചി: ടിക്കറ്റെടുക്കാതെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത യുവാവിനെയും യുവതിയെയും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി.

ഫോര്‍ട്ടുകൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്കാതെ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്.

ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇരുവരുടെയും യാത്ര. എന്നാല്‍ തിരിച്ചിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങി. ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ ഒരു വഴിയും കാണാതായതോടെ ഇരുവരും അധികൃതരെ സമീപിക്കുകയായിരുന്നു.

അങ്ങനെ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപ പിഴ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ ജീവനക്കാര്‍ കുഴങ്ങി.

ഒടുവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ചാണ് ഇരുവരെയും സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്.

അതേസമയം, ഇരുവരും എങ്ങനെയാണ് ആലുവയില്‍ നിന്നും ടിക്കറ്റ് എടുക്കാതെ മെട്രോയില്‍ കയറിപ്പറ്റിയതെന്ന് ആലോചനയിലാണ് മെട്രോ അധികൃതര്‍.

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയശേഷം ഇതാദ്യമായിട്ടാണ് ടിക്കറ്റില്ലാതെ പ്ലാറ്റ്‌ഫോമിലും മെട്രോയിലും അനധികൃതമായി യാത്ര ചെയ്യുന്നത്.