പുതിയ സിബിഐ ഡയറക്ടറുടെ പട്ടികയില്‍ നിന്ന് കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തായെന്ന് സൂചന. അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം വൈസി മോദി പട്ടികയില്‍ തുടരുന്നു.

അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്.

പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാനായുള്ള ഉന്നതതല സമിതി യോഗം ഈ മാസം തന്നെ നടക്കും. അലോക് വര്‍മ്മയ്ക്ക് പകരമായി തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു ജനുവരി 31 വരെയെ ഔദ്യോഗിക പദവിയിലുണ്ടാവും.

ഫെബ്രുവരി ഒന്നുമുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും.34 പേരുടെ പ്രാഥമിക പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു.

ഇതില്‍ നിന്നാണ് 1983,1984,1985 ബാച്ചിലെ 17 ഐപിഎസുകാരെ ഉള്‍ക്കൊള്ളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പട്ടിക തയ്യാറാക്കിയത്.

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സീനിയോറിറ്റി അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര പേര്‍സണല്‍ ആന്റ് ട്രയിനിംഗ് മന്ത്രാലയത്തിന് പട്ടിക കൈമാറിയിരുന്നു.

ഈ പട്ടികയില്‍ നിന്ന് ലോക്‌നാഥ് ബെഹ്‌റ പുറത്തായെന്നാണ് സൂചന. ഇപ്പോഴുള്ള പട്ടികയില്‍ 9 പേരുടെ പേരുകള്‍ മാത്രമാണുള്ളത്.

ഇതില്‍ മൂന്നു പേരുടെ പേരുകളാണ് ഉന്നതതല സമിതിയുടെ പരിഗണനയില്‍ വരിക. പ്രധാനമന്ത്രി അധ്യക്ഷനായ 3അംഗ കമ്മിറ്റിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ലോകസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണുള്ളത്.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘാഗം വൈസി മോദി പട്ടികയില്‍ ഇപ്പോഴുമുണ്ട്.

വൈസി മോദിയ്ക്ക് പുറമെ രാജേഷ് രജ്ഞന്‍, ജവീദ് അഹമ്മദ്, വിവേക് ജൊഹ്‌റി, ഒപി ഗല്‍ഹോത്ര, അരുണ്‍ കുമാര്‍, റൈന മിത്ര, രജനികാന്ത് മിശ്ര,എസ്എസ് ദേശ്വല്‍ എന്നിവരാണ് പട്ടികയിലുള്ളത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ദില്ലി ഹൈക്കോടതി വിധി നിലവിലെ സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതോടെ ഒരു തരത്തിലും അസ്താനയെ പരിഗണിക്കില്ലെന്നുറപ്പായി.