ദില്ലി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ട ചുമതലയുള്ള വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് എ.കെ പട്നായിക്.

അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവുകളില്ലെന്നും സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും എ.കെ പട്നായിക് വ്യക്തമാക്കി.
അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ ചിറ്റുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് എകെ പട്നയിക് രംഗത്തു വന്നതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇത്രയും തിരക്കുപിടിച്ച് അലോക് വര്‍മയെ മാറ്റേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പട്നയികിന്റെ വിലയിരുത്തല്‍.

അന്വേഷണം നടന്നത് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ് എന്നാല്‍ രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി.

സി.വി.സി. റിപ്പോര്‍ട്ടില്‍ വര്‍മയ്ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നതാധികാരസമിതി അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍ അതില്‍ പലതിലും തെളിവുകളില്ലെന്നും അദ്ദേഹം അഴിമതി നടത്തിയിട്ടില്ലെന്നുനം പട്നായിക് വ്യക്തമാക്കിയതിലൂടെ മോദി പൂര്‍ണമായി പ്രതികൂട്ടിലായിരിക്കുകയാണ്.

കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ എസ് ചൗധരി വസതിയിലെത്തി വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടിലെ അസ്താനയ്ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും പിന്‍വലിച്ചാല്‍ എല്ലാം ശെരിയാകുമെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും അലോക് വര്‍മ്മ വ്യക്തമാക്കിയതായി പട്നായിക് ചൂണ്ടികാണിച്ചു.

അതേസമയം, കല്‍ക്കരി അഴിമതി കേസില്‍ പ്രധാന മന്ത്രിയുടെ ഓഫീസിലെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ കുല്‍ദേബിനെ പ്രതിചേര്‍ക്കാനുള്ള നിര്‍ദ്ദേശം സിബിഐയുടെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു റദ്ദാക്കി. അലോക്ക് വര്‍മ രണ്ടാം വട്ടം സി ബി ഐ തലപ്പത്ത് വന്നപ്പോഴാണ് കുല്‍ദേബിനെ പ്രതി ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ അലോക് വര്‍മ്മ പുറത്താക്കിയതോടെ നിര്‍ദ്ദേശവും പിന്‍വലിക്കുകയായിരുന്നു. അലോക് വര്‍മ്മയെ പുറത്താക്കിയതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐ എ എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നീക്കവുമുണ്ടെന്നാണ് ആരോപണം.