രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യും അജിത്തിന്റെ സിരുത്തൈ ശിവ ചിത്രം ‘വിശ്വാസ’വും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബോക്സ്ഓഫീസില്‍ ഏത് ചിത്രമാണ് മുന്നിലെന്നാണ് എല്ലാ ആരാധകരുടെയും ചര്‍ച്ചാ വിഷയം.

ഇതുവരെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴ്നാട്ടില്‍ രജനിയുടെ പേട്ടയേക്കാള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മുന്നിലുള്ളത് അജിത്തിന്റെ വിശ്വാസമാണ്.

മുഴുവന്‍ തമിഴ്നാടിന്റെയും കാര്യമെടുത്താല്‍ (ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹറിന്റെ കണക്ക് പ്രകാരം) വിശ്വാസം ആദ്യദിനം നേടിയത് 26 കോടിയും പേട്ടയുടെ ആദ്യദിന തമിഴ്നാട് കളക്ഷന്‍ 23 കോടിയുമാണ്.

ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ കണക്ക് പ്രകാരം ചെന്നൈ നഗരത്തിലെ സ്‌ക്രീനുകളില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ വിശ്വാസം നേടിയത് 1.74 കോടിയും പേട്ട നേടിയത് 2.20 കോടിയുമാണ്.

ബിസിനസ് ടുഡേയുടെ കണക്ക് പ്രകാരം 1.12 കോടിയാണ് പേട്ടയ്ക്ക് ചെന്നൈ സിറ്റിയില്‍ റിലീസ്ദിനത്തില്‍ ലഭിച്ചത്. അതേസമയം യുഎസില്‍ റിലീസിംഗ് തീയേറ്ററുകളുടെ എണ്ണത്തില്‍ പേട്ടയുടെ പകുതി പോലും വരില്ല വിശ്വാസത്തിന്.

എന്നാല്‍ ആഗോള ബോക്സ്ഓഫീസില്‍ റിലീസ് ദിനത്തില്‍ പേട്ട 48 കോടി നേടിയപ്പോള്‍ അജിത്തിന്റെ വിശ്വാസം നേടിയത് 43 കോടിയാണെന്ന് ഗിരീഷ് ജോഹര്‍ ട്വീറ്റ് ചെയ്യുന്നു.