പല തരത്തിലുള്ള വെഡിങ് ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങ് എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കും.

അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെയാണ് വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണത്.

കുട്ടനാട്ടിലെ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നത് വീഡിയോയില്‍ നമുക്ക് കാണാം.

ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു.

അങ്കമാലി കിടങ്ങൂര്‍ സ്വദേശി ജിബിന്‍ ദേവ് പകര്‍ത്തിയ ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ വധു ഭയത്തോടെ വള്ളത്തിലിരിക്കുന്നതും വ്യക്തമാണ്.