ശബരിമല, അയോധ്യ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ബിജെപി രാഷ്ട്രീയ പ്രമേയം. ശബരിമല സുവര്‍ണാവസാരമെന്ന് സംസ്ഥാന ബിജെപി പറയുമ്പോഴും ദേശീയ നേതാക്കളുടെ പ്രസംഗത്തിലും പ്രമേയത്തിലും ശബരിമലയെക്കുറിച്ച് ഒരു പരാമര്ശവും ഇല്ല.

ഇതോടെ ശബരിമല വിഷയം എന്ത് കൊണ്ട് പ്രമേയത്തില്‍ ഉള്‍പ്പെട്ടില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ വരും ദിവസങ്ങളില്‍ വിശദീകരിക്കേണ്ടി വരും. അയോധ്യ വിഷയം കൈകാര്യം ചെയ്യുന്നതിലെ ആശയകുഴപ്പം മൂലമാണ് രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് അയോധ്യ വിഷയം ഒഴിവാക്കിയതെന്നാണ് സൂചന.

ബിജെപി നേതാക്കള്‍ ശബരിമല വിവാദങ്ങള്‍ സുവര്‍ണാവസാരമെന്ന് അവര്‍ത്തിക്കുമ്പോഴാണ് ദേശീയ കൗണ്‍സിലിന്റെ പ്രസംഗങ്ങളിലും രാഷ്ട്രീയ പ്രമേയത്തിലും ശബരിമല വിഷയത്തെക്കുറിച്ച് ഒരു വാക്കുപോലും പരാമര്‍ശിക്കപ്പെടാതെ പോയത്.

പൗരത്വഭേദഗതിനിയമം, ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ ഇങ്ങനെ ചില വിഷയങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടപ്പോഴും നേതാക്കള്‍ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയ ത്തില്‍ കേരളത്തില്‍ സമരവുമായി നടക്കുന്ന ബിജെപി നേതാക്കള്‍ ദേശീയ കൗണ്‍സിലിന്റെ ഈ നിലപാടോടെ വെട്ടിലായി.

അണികളോട് നേതാക്കള്‍ക്ക് സംഭവത്തില്‍ വിശദീകരണം നല്‍കേണ്ടിവരും. അയോധ്യ വിഷയത്തിലും പ്രമേയം മൗനം പാലിച്ചു. തെരഞ്ഞെടുപ്പില്‍ അയോധ്യ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലെ അവ്യക്തതയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ക്ഷേത്ര നിര്‍മാണം വൈകുന്നതിന് കാരണം , ഓര്‍ഡിനന്‍സ് ഇല്ലാത്തത് എന്ത് കൊണ്ട് എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറുപടി ഇല്ലാതെ ഇനിയും ഉറപ്പുകള്‍ നല്‍കിയാല്‍ തീവ്രഹിന്ദു വോട്ടുകളില്‍ കുറവുണ്ടാകും.

ഇത് മുന്നില്‍ കണ്ടാണ് അയോധ്യ വിഷയത്തില്‍ പ്രമേയം ബോധപൂര്‍വം മൗനം പാലിച്ചത്.
അയോധ്യ ,ശബരിമല വിഷയങ്ങളില്‍ യാതൊരു ഉറപ്പും നല്‍കാതെ ഈ വിഷയങ്ങള്‍ വികാരപരമായി നിലനിര്‍ത്തുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയും ചെയ്യുക എന്ന വര്‍ഗീയധ്രുവീകരണ മാര്‍ഗമായിരിക്കും ഇരു വിഷയങ്ങളിലും ബിജെപി കൈക്കൊള്ളുക എന്ന് ഇതോടെ വ്യക്തമായി