നടി ശ്രീദേവിയുടെ വലിയ ആഗ്രഹം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ബോണി കപൂര്‍. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്ന് ബോണി കപൂര്‍ തുറന്നുപറഞ്ഞു.

അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ. അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം- വികാരാധീനനായി ബോണി കപൂര്‍ പറഞ്ഞു.

ഈ ആഗ്രഹം നിറവേകാന്‍ അമിതാഭ് ബച്ചന്‍, തപ്സി പന്നു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജിത് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.

അജിതിന്റെ വിശ്വാസം എന്ന ചിത്രം കാണാന്‍ ബോണി കപൂര്‍ ചെന്നൈയില്‍ എത്തിയിരുന്നു. സിനിമാപ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിങ്ക് റീമേക്കില്‍ അജിത്ത് അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്.

കാര്‍ത്തി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം തീരന്‍ അധികാരം ഒന്‍ട്രു സംവിധാനം ചെയ്ത എച്ച്. വിനോദാണ് ഈ ചിത്രം തമിഴില്‍ ഒരുക്കുന്നത്.