ഓർത്തഡോക്സ് യാക്കോബായ തർക്കം: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ സഭാ അധ്യക്ഷൻ മരണം വരെ ഉപവാസം ആരംഭിച്ചു – Kairalinewsonline.com
DontMiss

ഓർത്തഡോക്സ് യാക്കോബായ തർക്കം: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ സഭാ അധ്യക്ഷൻ മരണം വരെ ഉപവാസം ആരംഭിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്

ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ മരണം വരെ ഉപവാസം ആരംഭിച്ചു.

ഓർത്തഡോക്സ് പക്ഷം ഇന്നലെ പുലർച്ചെ പൂട്ടുപൊളിച്ച് പള്ളിയിൽ പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

അതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തർക്കമുണ്ടായി.

ഓർത്തഡോക്സ് വിഭാഗം പുലർച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച് പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെൻറ് മേരീസ് പള്ളിയിലെ ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന് തുടക്കമായത്.

ഓർത്തഡോക്സ് വികാരിയുടെ നേതൃത്വത്തിൽ അമ്പതോളം വിശ്വാസികളാണ് പള്ളിയിൽ പ്രവേശിച്ചത്. തുടർന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തി.

കോടതി വിധി അനുസരിച്ച് തങ്ങൾ പള്ളിയിൽ ആരാധനക്കായി എത്തിയതാണെന്ന് ഓർത്തഡോക്സ് വിഭാഗം വിശദീകരിച്ചു.

ഇതിനിടെ വിശ്വാസിയായ റാഹേൽ പൗലോസിന്റെ മൃതദേഹം പള്ളിക്കകത്ത് സംസ്കരിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചു.

കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, പുറത്തുനിന്ന് ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാം എന്ന ധാരണയിലെത്തി.

സംസ്കാരചടങ്ങുകൾക്ക് യാക്കോബായ വിഭാഗത്തിൽ നിന്നുള്ള ഇരുപതോളം വിശ്വാസികൾ മാത്രമാണ് സെമിത്തേരിയിൽ പ്രവേശിച്ചത്.

അതേ സമയം ഓർത്തഡോക്സ് വിഭാഗം, പള്ളി കൈവശപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പള്ളി ഗേറ്റിന് പുറത്ത് ഉപവാസം തുടങ്ങി.

സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

To Top