ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പൊ ആര്‍ത്തവം പരിപാടിക്ക് കൊച്ചിയില്‍ തുടക്കം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന ആര്‍ത്തവ റാലി സ്ത്രീ മുന്നേറ്റത്തിന്‍റെ നേര്‍ക്കാ‍ഴ്ച്ചയായി.

വിശ്വാസത്തിന്‍റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത തമി‍ഴ് ചലച്ചിത്ര സം‍വിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങിയവര്‍ക്കുള്ള മറുപടിയായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ആര്‍പ്പൊ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയ്ക്ക് തുടക്കമിട്ട് നടന്ന ആര്‍ത്തവ റാലി സ്ത്രീ മുന്നേറ്റത്തിന്‍റെ വേറിട്ട കാ‍ഴ്ച്ചയായി. പ്രായ ഭേദമില്ലാതെ സ്ത്രീകളും കുട്ടികളും ഭിന്നലിംഗക്കാരും തുല്യ നീതിക്കു വേണ്ടി പോരാടുന്ന പുരുഷന്‍മാരും റാലിയില്‍ അണിനിരന്നു.

തുടര്‍ന്ന് നടന്ന സമ്മേളനം തമി‍ഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെത്തന്നെ സ്ത്രീകള്‍ക്കെതിരാക്കാനാണ് ആര്‍എസ്എസ് ന്‍റെ ശ്രമമെന്ന് പാ രഞ്ജിത്ത് പറഞ്ഞു.

ആര്‍ത്തവത്തിന്‍റെ പേരില്‍ അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ആര്‍പ്പൊ ആര്‍ത്തവം പരിപാടിയെന്ന് സംഘാടകരില്‍ ഒരാളായ അഡ്വക്കറ്റ് ടി ബി മിനി പറഞ്ഞു.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ആര്‍ത്തവ ശരീരം എന്ന ശാസ്ത്ര പ്രദര്‍ശനം ആര്‍പ്പൊ ആര്‍ത്തവ വേദിയിലെ ശ്രദ്ധേയമായ കാ‍ഴ്ച്ചയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആനി രാജ, സി കെ ജാനു സുനില്‍ പി ഇളയിടം തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമന്ന് സംഘാടകര്‍ അറിയിച്ചു.