പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരും; ഗോത്ര ബന്ധു പദ്ധതിയും ഗോത്ര ജീവിക പദ്ധതിയും മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്തു – Kairalinewsonline.com
Kerala

പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരും; ഗോത്ര ബന്ധു പദ്ധതിയും ഗോത്ര ജീവിക പദ്ധതിയും മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്: പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലന്‍. ആദിവാസി യുവജനങ്ങൾക്ക് അധ്യാപകരായി നിയമനം നൽകുന്ന ഗോത്ര ബന്ധു പദ്ധതിയും തൊഴിൽ വൈദഗ്ധ്യ പരിശീലനം നൽകുന്ന ഗോത്ര ജീവിക പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എകെ ബാലൻ.

തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നതോടൊപ്പം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

മതിയായ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ഗോത്ര ഭാഷ പഠനസഹായ അധ്യാപകരായി നിയമിച്ച് ആദിവാസി മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഗോത്ര ബന്ധു പദ്ധതിയുടെ ലക്ഷ്യം.

21 എയ്ഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അധ്യാപകരെയാണ് നിയമിക്കുന്നത്. ഗോത്ര ജീവിക പദ്ധതിയിലൂടെ ആദിവാസി മേഖലയിൽ തൊഴിൽ സാധ്യത ഉറപ്പുവരുത്താൻ നിലവിൽ സാധിച്ചിട്ടുണ്ട്

ഗോത്ര ജീവിക പദ്ധതിയിലൂടെ സംസ്ഥാനത്ത് പരിശീലനം നേടിയ 1770 പേരെ സംഘടിപ്പിച്ച് സ്വാശ്രയസംഘം രൂപീകരിച്ച് തൊഴിൽ ലഭ്യത ഉറപ്പ് വരുത്തും.


പരിശീലനം ലഭിച്ചവർക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച 1400 ഓളം പേർക്ക് വിദേശത്ത് ജോലി ഉറപ്പ് വരുത്തിയിട്ടുണ്ട്. കോട്ടത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

To Top