യോഗി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി

യോഗി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി.

കൊലപാതകങ്ങളില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉത്തര്‍ പ്രദേശില്‍ രണ്ടായിരത്തിലധികം ഏറ്റുമുട്ടലുകളാണ് നടന്നത്.

ഇതില്‍ അറുപതിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ സംഭവിക്കുന്നത് ഗൗരവ്വം ഏറിയ വിഷയമാണെന്നും ഈ വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതികളായവരെ പിടികൂടാനെന്ന പേരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ എല്ലാ നടപടിക്രമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന വരെ ചൂണ്ടികാണിച്ചിരുന്നു.

കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം ദളിത് വിഭാഗത്തില്‍ പെടുന്നവരാണെന്നും ജാതിയവും വംശീയവുമായ ഉന്മൂലനമാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്നതെന്ന വിമര്‍ശവും ശക്തമാണ്.

2016ന് ശേഷം രാജ്യത്ത് നടന്ന ആള്‍കൂട്ട കൊലപാതകങ്ങളുടെ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കല്ലില്ല എന്നത് മോദിയുടേയും യോഗിയുടേയും ഒത്തുകളിയാണെന്ന ആരോപണവും ശക്തമാണ്.

ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകളില്‍ കോടതി നിരീക്ഷണത്തിലുള്ള സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ആറാഴ്ച്ചക്കകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ട കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു. ഹര്‍ജി ഫെബ്രുവരി 12ന് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News