ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം കനയ്യയ്ക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രം; ദില്ലി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കനയ്യയ്ക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രം ദില്ലി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ജെഎന്‍യു വില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, കള്ളരേഖ ചമക്കല്‍ തുടങ്ങിയ എട്ടോളം വകുപ്പുകളും പത്തുപേര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ദില്ലി പൊലീസിലെ സ്‌പെഷല്‍ സെല്‍ അന്വേഷിച്ച കേസില്‍ 1200 പേജുകളുള്ള കുറ്റപത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതോടൊപ്പം 10 വീഡിയോ ക്ലിപ്പുകളും കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

കനയ്യ കുമാറാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നും മുദ്രാവാക്യം വിളിച്ചതെന്നും പൊലീസ് കുറ്റ പത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.

കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, കാശ്മീര്‍ സ്വദേശികളായ അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശെഹ്ല റാഷിദി അടക്കം 32 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇപ്പോഴും പൊലീസിന്റെ പക്കലില്ല.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നുമാണ് കനയ്യ കുമാറിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News