സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ്. ഈ ആവശ്യം ചൂണ്ടികാട്ടി ഉന്നതതലസമിതി അംഗം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായികിന്റെ റിപ്പോര്‍ട്ടും ഉന്നതല സമിതിയുടെ മിനിട്സും പുറത്ത് വിടണമെന്ന് ഖാര്‍ഖെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അലോക് വര്‍മ്മയ്ക്കെതിരെ അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു

അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെന്ന സിവിസി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് കത്തിലൂടെ ലോകസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായികിന്റെ റിപ്പോര്‍ട്ടും അലോക് വര്‍മ്മയെ പുറത്താക്കിയ ഉന്നതലസമിതിയുടെ മിനുട്സും പുറത്ത് വിടണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന് പകരകാരനായി പങ്കെടുത്ത ജസ്റ്റിസ് എകെ സിക്രി , ഖാര്‍ഖെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. അലോക് വര്‍മ്മയെ സിബിഐ തലപ്പത്തു നിന്ന് നീക്കാനുപയോഗിച്ച രേഖകള്‍ കണ്ടതിന് ശേഷം പൊതുജനങ്ങള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരട്ടെയെന്ന് ഖാര്‍ഖെ കത്തില്‍ വ്യക്തമാക്കുന്നു. അലോക് വര്‍മ്മയ്ക്കെതിരെ ഉണ്ടായിരുന്ന പല ആരോപണങ്ങളിലും തെളിവില്ലെന്ന് സിവിസിയുടെ അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് എകെ പട്നായിക് വെളിപ്പെടുത്തിയിരുന്നു.

അലോക് വര്‍മ്മയെ തിടുക്കത്തില്‍ മാറ്റേണ്ടതില്ലെന്നും പട്നായിക് ചൂണ്ടികാണിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ഇടക്കാല സിബിഐ ഡയറകട്റായി നാഗേശ്വര റാവുവിനെ നിയമച്ചത് ഉന്നതല സമിതിയുടെ അനുവാദം കൂടാതെയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഖാര്‍ഖെ കത്തില്‍ ചൂണ്ടികാട്ടുന്നു. ഫെബ്രുവരി ഒന്നിന് പുതിയ സിബിഐ ഡയറക്ടര്‍ ഔദ്യോഗികമായി പദവിയില്‍ വരണം.

അതുകൊണ്ട് പുതിയ ഡയറകടറെ വേഗം തന്നെ നിയമിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. അലോക് വര്‍മ്മയെ മാറ്റിയത് ഭയത്തിന്റെ പേരിലാണെന്നും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഭരണഘടനയെ കൂടി കളങ്കപ്പെടുത്തുന്നതാണെന്നും ഖാര്‍ഗെ പറയുന്നു. അതേസമയം ഉന്നതതല സമിതിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഖെയേയും നേരത്തെ അറിയിച്ചിരുന്നവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News