ഓര്‍മ്മകള്‍ മറ്റൊരു പുരാവൃത്തം; സിവി ബാലകൃഷണന്‍ ലെനിന്‍ രാജേന്ദ്രനെ ഓര്‍ക്കുന്നു

വിജയിച്ച സിനിമകളെ കുറിച്ചാണ് ഇവിടെ ചരിത്രമെഴുത്തുകളെല്ലാം ഉണ്ടാകുന്നത്. സമാന്തരമായാലും മുഖ്യധാരായായാലും സിനിമയുടെ കച്ചവടത്തില്‍ വിജയിച്ചവയെക്കുറിച്ചാണ് ആളുകള്‍ വാതോരാതെ പറയുന്നത്. നാലു പതിറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടും ‘പുരാവൃത്തം’ ചലച്ചിത്ര ചരിത്രത്തില്‍ സ്ഥാനപ്പെടാതെ പോയതും അതുകൊണ്ട് തന്നെയാകാം.

പുരാവൃത്തത്തിന്റെ തിരക്കഥാകൃത്തും പ്രശസ്ത സാഹിത്യകാരനുമായ സിവി ബാലകൃഷ്ണന്‍ ആ ഓര്‍മ്മകള്‍ പറയുന്നത് ഇങ്ങനെയാണ്:

‘മീനമാസത്തിലെ സൂര്യനെക്കാള്‍ മികച്ച സിനിമയാണ് പുരാവൃത്തം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മീനമാസത്തിലെ സൂര്യന് നമ്മുടെ സാധാരണ സിനിമകളുടെ പൈങ്കിളിത്തങ്ങളൊക്കെയുണ്ട്. പുരാവൃത്തം എന്നാല്‍ ദൃഡമാണ്. ശക്തമാണ്. അത് പുറത്തിറങ്ങിയ കാലത്ത് വേണ്ടരീതിയില്‍ കാണപ്പെടാതെ പോയെങ്കിലും. ഇപ്പോഴാണ് ആളുകള്‍ പുരാവൃത്തത്തെക്കുറിച്ച് നല്ലവാക്കുകള്‍ പറയുന്നത് കേള്‍ക്കുന്നത്. ലെനിന്‍ മരിച്ചപ്പോള്‍ കാലങ്ങള്‍ക്ക് ശേഷം ഞാനും യൂടൂബില്‍ കയറി വീണ്ടും ആ സിനിമ കണ്ടു നോക്കി. അസാധാരണമായ ദൃശ്യപരിചരണവും ഓംപുരിയുടെ അപാരമായ അഭിനയശേഷിയും കൊണ്ട് ഈ സിനിമ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുവെന്നതില്‍ സംശയമില്ല. ”

സിവി ബാലകൃഷ്ണന്റെ പ്രസിദ്ധമായ ‘ഉപരോധം’ എന്ന നോവലാണ് പുരാവൃത്തമായത്. വണ്ണത്താന്‍ രാമന്‍ എന്ന ധീരനായ ജന്മിത്വവിരുദ്ധ പോരാളിയുടെ ജിവിതമാണ് ഇതിവൃത്തം. കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘടകളൊക്കെ രൂപമെടുക്കുന്നതിന് മുമ്പേ വടക്കെ മലബാറില്‍ ജന്മിത്വത്തെ വിറപ്പിച്ച ഒറ്റയാനാണ് രാമന്‍. എകെജിയുടെയും കെപിആറിന്റെയും ആത്മകഥയില്‍ രാമനെക്കുറിച്ച് പറയുന്നുണ്ട്.

‘1987ല്‍ തിരുവനന്തപുരത്ത് ഐഎഫ്എഫ്‌ഐ നടക്കുന്ന കാലത്താണ് സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അന്ന് സൂര്യാകൃഷ്ണ മൂര്‍ത്തിയുടെ വീട്ടില്‍ നടന്ന വിരുന്നില്‍ ഓംപുരിക്കും സ്മിതാ പാട്ടീലിനുമൊപ്പം ഞാനും ലെനിനും പങ്കെടുത്തിരുന്നു. അന്നാണ് സിനിമയെക്കുറിച്ച് ഓംപുരിയോട് സംസാരിക്കുന്നത്. നടന്നു കൊണ്ട് ഞാനാണ് കഥ പറഞ്ഞത്. കഥാപാത്രത്തെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. വയനാട്ടില്‍ തിരുനെല്ലിയും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനത്തില്‍ ടെന്റ് കെട്ടിയാണ് ഞങ്ങള്‍ കഴിഞ്ഞത്. സാമ്പത്തികമായി വലിയ കഷ്ടപ്പാടുകളുടെ നടുവിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഓംപുരിക്ക് പറഞ്ഞ പ്രതിഫലമൊന്നും കൊടുക്കാനായില്ലെന്ന് മാത്രമല്ല, ഇടക്കെല്ലാം ഞങ്ങളുടെ നിത്യ ചെലവുകള്‍ പോലും ഓംപുരിയാണ് വഹിച്ചത്. രാമചന്ദ്ര ബാബുവായിരുന്നു ക്യാമറ. ഇന്നത്തെ ബോളിവുഡിലെ വലിയ ക്യാമറമാന്‍ രവി കെ ചന്ദ്രന്‍ സഹായിയായി അന്ന് ബാബുവിന്റെ കൂടെയുണ്ട്. ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ ലെനിന്‍ ആദ്യം എന്നോടാണ് പറഞ്ഞത്. ക്യാമറാ ഭയം കാരണം ഞാന്‍ പിന്‍വലിയുകയായിരുന്നു. പുരാവൃത്തത്തിന്റെ ചിത്രീകരണ കാലം ഇന്ന് ഓര്‍ക്കുമ്പോള്‍ മറ്റൊരു പുരാവൃത്തമായി തോന്നുകയാണ്”- സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

‘ഒരു കൊടും മഴക്കാലത്താണ് സിനിമ റിലീസായത്. കണ്ടവര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു. സിനിമയ്ക്ക് അവാര്‍ഡോ പനോരമ സെലക്ഷനോ കിട്ടാത്തത് കൊണ്ട് പതിയെ പതിയെ സിനിമയെ എല്ലാവരും മറന്നു. പില്‍ക്കാലത്ത് ലെനിന്‍ പോലും ആ സിനിമയുടെ പ്രധാന്യം വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. അടുത്ത കാലത്ത് ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ലെനിന്‍ പതിപ്പിന്റെ കവര്‍‌സ്റ്റോറിയിലാണ് കാലങ്ങള്‍ക്കു ശേഷം പുരാവൃത്തത്തെക്കുറിച്ച് പ്രധാനപ്പെട്ട പരാമര്‍ശമുണ്ടായത്. ലോകനിലവാരമുള്ള മഹാനായൊരു നടന്റെ അത്ഭുത പ്രതിഭ കൊണ്ടു തന്നെ പുരാവൃത്തം ഒരു ചരിത്രമാകേണ്ടതായിരുന്നു. പക്ഷെ പുരാവൃത്തത്തിന്റെ വിധി ചലച്ചിത്ര ചരിത്രത്തിലെ ഒരു പുരാവൃത്തമായി ഒടുങ്ങാനായിരുന്നു.” സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ അറിയപ്പെടാത്ത വേറൊരു ചരിത്രമാണ് ലെനിന്‍ രാജേന്ദ്രന്റെ പുരാവൃത്തം. ആളുകള്‍ അവരോധിച്ച് നടക്കുന്ന സിനിമകളല്ല പലപ്പോഴും അതിന് പുറത്തുള്ള പുരാവൃത്തം പൊലുള്ള സിനിമകളിലാണ് താന്‍ ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ കഴിവ് തിരിച്ചറിയുന്നതെന്നും സിവി ബാലകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here