ശബരിമല നട അടക്കുന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം നാണം കെട്ട് അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു; അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെ

ശബരിമല നട അടക്കുന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം നാണം കെട്ട് അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. മണ്ഡലകാലത്ത് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചത് ചൂണ്ടികാട്ടിയാവും സമരം അവസാനിപ്പിക്കുന്നത്. സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെയാണ് ബിജെപി സമരം അവസാനിപ്പിക്കുന്നത്.
മണ്ഡലകാലം ജനുവരി 20 ന് അവസാനിക്കുന്നതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത് . സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ നിരോധനാജ്ഞ പോലീസ് പിന്‍വലിച്ചത് സമരത്തിന്റെ വിജയം ആണെന്ന് പ്രഖ്യാപിച്ചാവും പിന്‍മാറ്റം എന്നറിയുന്നു.

നിലവില്‍ നിരാഹാരം കിടക്കുന്ന മഹിളാമോര്‍ച്ച നേതാവ് രമക്ക് പകരമായി ഒരു മുതിര്‍ന്ന നേതാവിനോട് നാല് ദിവസം നിരാഹാരം കിടക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. സമരം വരുന്ന 22 ന് സുപ്രീം കോടതി ശബരിമല കേസ് പരിഗണക്കില്ലെന്ന് ഉറപ്പായതോടെ എത്രയും വേഗം അവസാനിപ്പിക്കണമെന്ന വാദഗതി ശക്തിപെടുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ പലപ്പോഴും വിരലിലെണ്ണാവുന്ന ബിജെപിക്കാര്‍ മാത്രമേ എത്തുന്നുളളു എന്നതും സമരം അവസാനിപ്പിക്കാന്‍ ഒരു കാരണമാണ്. 22 ന് കേസ് പരിഗണിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം തുടരനായിരുന്നു കഴിഞ്ഞ ബിജെപി കോര്‍ കമ്മറ്റി തീരുമാനിച്ചത്.എന്നാല്‍ ഇനിയെന്ന് കേസ് പരിഗണിക്കും എന്ന് സുപ്രീംകോടതി വ്യക്തമാക്കാത്ത പശ്ചാത്തലത്തില്‍ ഇനിയും നിരാഹാരം തുടരുന്നത് അപ്രായോഗികമാണെന്നാണ് ബിജെപിയിലെ പ്രബല വിഭാഗത്തിന്റെ വാദം.

കൊല്ലത്ത് ഇന്നലെ പ്രധാനമന്ത്രിയുടെ യോഗത്തിനെത്തിയ പ്രധാന നേതാക്കള്‍ തമ്മില്‍ ഇത്തരം ഒരു ആശയവിനിമയം നടത്തിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എടുത്ത് ചാടി നിരാഹാരം വേണ്ടതില്ലെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം മാനിക്കാതെ പാര്‍ട്ടി അദ്ധ്യക്ഷനായ പിഎസ് ശ്രീധരന്‍പിളള ഏകപക്ഷീയമായ തീരുമാനമാണ് പാര്‍ട്ടിയെ ഈ സ്ഥിതിലെത്തിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

കേസുകളില്‍ പ്രതികളായ പലരും ജയിലില്‍ കിടക്കുമ്പോള്‍ അവരെ തിരിഞ്ഞ് നോക്കാന്‍ പോലും ആരുമില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്റെ എതിര്‍ചേരി നടത്തുന്ന പ്രചരണം. ഇതിന് തടയിടാന്‍ കൂടിയാണ് സര്‍ക്കാര്‍ പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് കൊല്ലത്ത് ബിജെപി റാലി നടത്തിയത്. എന്നാല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നതോടെ തലവഴി മുണ്ടിട്ട് നടക്കേണ്ട ഗതിയാകുമെന്ന് പ്രവര്‍ത്തകരും അഭിപ്രായപെടുന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെയാണ് ബിജെപി സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News