തെരേസ മേയ്ക്ക് തിരിച്ചടി; ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്‍റ് വോട്ടിനിട്ട് തള്ളി. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കരാര്‍ വലിയ ഭൂരിപക്ഷത്തോടെയാണ് തള്ളിയത്.

432 പേര്‍ തെരേസാ മേയുടെ കരാറിനെ എതിര്‍ത്തു വോട്ടു ചെയതപ്പോള്‍,  202 പേർ മാത്രമാണ് അനുകൂലിച്ചത്.  മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെയും ഭരണ കക്ഷിയില്‍ ഉള്‍പ്പെടുന്നതുമായ 118 പേര്‍, കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്തു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും മേ കൊണ്ടു വന്ന കരാറിനെ എതിര്‍ക്കുന്നു. നിലവിലെ കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടന്‍ വലിയ തുക യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും.  ഇതിനെയാണ് ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷവും എതിര്‍ക്കുന്നത്.

മാർച്ച് 29ന് മുന്പ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് നിലവിലെ ധാരണ. എന്നാല്‍ മേയുടെ ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്‍റ് തളളിയതോടെ ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

മേയ്ക്കു മുന്നില്‍ ഇനി രണ്ടു വ‍ഴികളാണ് ഉള്ളത്. ഒന്നുകില്‍ രണ്ട് വർഷം മുൻപ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കണം. അല്ലെങ്കിൽ ഉപാധികളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടണം.

അതിനിടെ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ജൊറോമി കോര്‍ബിന്‍ വ്യക്തമാക്കി.

ബ്രിട്ടനിൽ 2016 ജൂൺ 23നാണ്  ഹിതപരിശോധന നടന്നത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് 51.9 ശതമാനവും എതിർത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News