മുനമ്പം മനുഷ്യക്കടത്ത‌്: അന്വേഷണത്തിനായി ഓസ്ട്രേലിയന്‍ പൊലീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയൻ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.

മുനമ്പത്തുനിന്ന‌് തമിഴ‌്, സിംഹള വംശജർ ഉൾപ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയിൽ എത്തി. ഇതുസംബന്ധിച്ച‌് എംബസിയും ഐബിയും ഓസ‌്ട്രേലിയൻ ഫെഡറൽ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ‌്ട്രേലിയൻ പൊലീസ‌് എത്തുന്നത‌്.

മുനമ്പം കേന്ദ്രീകരിച്ച‌് നടന്നത‌് മനുഷ്യക്കടത്താണെന്ന‌് സ്ഥിരീകരിച്ചതായാണ‌് വിവരം. അനധികൃത കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കുന്നുണ്ട‌്. സൗത്ത‌് ഡൽഹിയിലെ അംബേദ‌്കർ കോളനി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ‌് മനുഷ്യക്കടത്തിന‌് പിന്നിൽ.

അവരിൽ ചിലരുടെ വിലാസവും പൊലീസിന‌് ലഭിച്ചു. കൂടുതൽ അന്വേഷണത്തിനായി എറണാകുളം റൂറൽ അഡീഷണൽ എസ‌്പി സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി. അംബേദ‌്കർ കോളനി കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ സംഘത്തിന‌് ലഭിച്ചു.

ശ്രീലങ്കയിൽനിന്ന‌് ഇന്ത്യയിലെത്തി അഭയാർഥികളായി കഴിയുന്ന സിംഹളരെ വിവിധ രാജ്യങ്ങളിലേക്ക‌് കയറ്റി അയക്കുന്ന റാക്കറ്റ‌്തന്നെ ഇവിടെ ഉണ്ടെന്നാണ‌് വിവരം. കൊടുങ്ങല്ലൂരിൽനിന്ന‌് പൊലീസിന‌് ലഭിച്ച ബഗേജിൽ സിംഹള ഭാഷയിലുള്ള കത്തുകൾ കണ്ടെത്തിയിരുന്നു.

അതിനാൽ മുനമ്പത്തുനിന്ന‌് പോയവരിൽ സിംഹളരുമുണ്ടെന്ന നിഗമനത്തിലാണ‌് പൊലീസ‌്. രാമേശ്വരത്തെ മണ്ഡപം ക്യാമ്പിൽ സിംഹളർ അഭയാർഥികളായി കഴിയുന്നുണ്ട‌്. രാമേശ്വരം ക്യാമ്പിലെത്തി വിവരങ്ങൾ ശേഖരിക്കാൻ കേരള പൊലീസ‌് തമിഴ‌്നാട്ടിലേക്ക‌് പോയി. ആന്ധ്രയിലും അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News