അന്തരീക്ഷ മലിനീകരണം മൂലമുളള ശിശുമരണങ്ങളില്‍ ഇന്ത്യ ഒന്നാമത്

കെ രാജേന്ദ്രന്‍

അന്തരീക്ഷ മലിനീകരണവും ശിശുമരണവും ഒരു പോലെ ലോകവും രാജ്യവും നേരിടുന്ന ഭീഷണികളാണ്.ഇവരണ്ടും പരസ്പര പൂരകങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു.അന്തരീക്ഷ മലീനീകരണം മൂലമുളള ശിശുമരണങ്ങളിലാകട്ടെ ഒന്നാംസ്ഥാനത്ത് നില്ക്കുന്നത് ഇന്ത്യയാണെന്നതാണ് ഏറ്റവും ദു:ഖകരം. 2016ലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന പഠന വിഷയമാക്കിയിരിക്കുന്നത്.

വായുവില്‍ കലര്‍ന്ന മാലിന്യങ്ങളുടെ അളവ് 2.5 പി .എം( പര്‍ട്ടിക്കുലര്‍ മാറ്റേഴ്‌സ്) ആയി ഉയര്‍ന്നതിനെ തുടര്‍ന്ന് 2016ല്‍ ഇന്ത്യയില്‍ മരിച്ചത് അഞ്ച് വയസ്സിന് താഴെയുളള 60,987 ശിശുക്കളാണ്. രണ്ടാം സ്ഥാനത്തുളള നൈജീരിയയില്‍ 47,674 ശിശുക്കളും പാകിസ്ഥാനില്‍ 21,136 ശിശുക്കളും കോംഗോയില്‍ 12,890 ശിശുക്കളും ചൈനയില്‍ 6645 ശിശുക്കളും മരിച്ചു. ഇന്ത്യയില്‍ മരണമടഞ്ഞ 60,987 കുട്ടികളിലെ  32,889 പേര്‍ ആണ്‍കുട്ടികളും 28,097 പേര്‍ പെണ്‍കുട്ടികളുമാണ്.

ലോകത്തെ 90% കുട്ടികളും അപകടകരമായ മാലിന്യങ്ങള്‍ കലര്‍ന്ന വായു ശ്വസിക്കുന്നതായാണ് ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നത്. 2016ല്‍ ലോകത്താകെ 6 ലക്ഷം ശിശുക്കളാണ് മാലിന്യവായു ശ്വസിച്ച് മരണമടഞ്ഞത്.പിന്നാക്കാവസ്ഥയും അന്തരീക്ഷ മലിനീകരണവും
ശിശുമരണവും തമ്മില്‍ ബന്ധമുണ്ട്.അവികസിത രാജ്യങ്ങളിലേയും വികസ്വരരാജ്യങ്ങളിലേയും 98% ശിശുക്കളും ഏറിയും കുറഞ്ഞും വിഷവായു ശ്വസിക്കുന്നുണ്ട്.എന്നാല്‍ വികസിത രാജ്യങ്ങളില്‍ വിഷവായു ശ്വസിക്കുന്നത് 52% ശിശുക്കളാണ്.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ ഉയര്‍ന്നതാണ്. ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളേക്കാള്‍ ശിശുമരണ നിരക്ക് ഇന്ത്യയില്‍ ഉയരുന്നത് സ്വാഭാവികമാണെന്ന് പലരും ചുണ്ടികാണിക്കുന്നുണ്ട്.ഈ വാദം അംഗീകരിച്ചാല്‍ തന്നെ ചൈന കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് മാതൃകയാവേണ്ടതാണ്. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന ജനസംഖ്യയുളള ഏക രാജ്യമാണ് ചൈന.എന്നാല്‍ അന്തരീക്ഷ മലിനീകരണം മൂലം ചൈനയില്‍ മരിക്കുന്ന 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങളേക്കാള്‍ പത്തിരട്ടിയോളം കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ മരിക്കുന്നത്.
ചൈനയുള്‍പ്പെടെയുളള രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാല്‍ ഇന്ത്യക്കും അന്തരീക്ഷമലിനീകരണം മൂലമുളള ശിശുമരണങ്ങള്‍ ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സാധിക്കും

മരണം കൂടുതല്‍ നഗരങ്ങളില്‍
—————————–


ഇന്ത്യയില്‍ ആന്തരീക്ഷ മലിനീകരണം മൂലമുളള ശിശുമരണങ്ങള്‍ മരണങ്ങള്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ വളരെ കൂടുതലാണ്.

പല ഇന്ത്യന്‍ നഗരങ്ങളും മാലിന്യകൂമ്പാരങ്ങളാണെന്നതാണ് പ്രധാനകാരണം.ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിലെ 14ും ഇന്ത്യയിലാണ്.ദില്ലിയാണ് ഏറ്റവും മുന്നില്‍.ഫരീദാബാദ്, കാന്‍പൂര്‍,വാരാണസി,ഗയ തുടങ്ങിയ നഗരങ്ങളാണ്തൊട്ട് പിന്നില്‍ .ഇവിടുത്തെ ശിശുക്കളില്‍ പ്രത്യേകിച്ച് ചേരികളില്‍ താമസിക്കുന്ന ശിശിുക്കളില്‍ മരണ നിരക്ക്
വളരെ കൂടുതലാണ്.

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയും കൊല്‍ക്കത്ത ചിത്തരജ്ഞന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 4 വയസ്സിനും 17 വയസ്സിനും ഇടയിലുളള കുട്ടികല്‍ക്കിടയിലാണ് പഠനം നടത്തിയത്. ദില്ലിയിലെ 43.5% കുട്ടികള്‍ക്ക് ശ്വാസസംമ്പന്ധമായ അസുഖങ്ങള്‍ ഉളളതായി കണ്ടെത്തിയിരുന്നു.15% കുട്ടികളുടെ കണ്ണുകള്‍ക്ക് മലിനീകരണം മൂലം വിട്ടുമാറാത്ത അസ്വസ്തതകള്‍ അനുഭവപ്പെടുന്നു. 27.4% കുട്ടികള്‍ക്ക് ആവര്‍ത്തിച്ചുളള തലവേദനയുണ്ട്. 7.2% കുട്ടികള്‍ക്ക് ഹൃദയസംമ്പന്ധമായ അസുഖങ്ങള്‍ ഉളളതായും കണ്ടെത്തിയിരുന്നു. വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ഡോ.എസ് .കെ ചബ്ര നടത്തിയ പഠനവും ദില്ലിയിലെ കുട്ടികളുടെ മോശപ്പെട്ട
ആരോഗ്യസ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു.

മാലിന്യങ്ങള്‍ കുറയ്ക്കുക എന്നത് മാത്രമാണ് ശിശുമരണങ്ങള്‍ തടയാനുളള ഏകമാര്‍ഗ്ഗം.ഇതിനായി പരിസ്ഥിതി കേന്ദ്രീകൃത വികസനനയം ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News