രഞ്ജി ട്രോഫിയില്‍ കേരളം ചരിത്രം എഴുതിയത് ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍. പേസര്‍മാര്‍ തീയുണ്ട തുപ്പിയപ്പോള്‍ ഗുജറാത്ത് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ബേസില്‍ തമ്പിയും, സന്ദീപ് വാര്യരും നേടിയത് 16 വിക്കറ്റുകള്‍.

ഗുജറാത്തെന്ന വമ്പന്‍മാര്‍ക്കെതിരെ ചരിത്രം എഴുതാന്‍ ഇറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ തോല്‍വിയെ മുഖാമുഖം കണ്ടപ്പോള്‍ കൃഷ്ണഗിരിയിലെ പിച്ചില്‍ തകര്‍ത്താടിയത് പേസര്‍മാര്‍.

പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ ബേസില്‍ തമ്പിക്കും, സന്ദീപ് വാര്യര്യര്‍ക്കും, നിധേഷിനും മുന്നില്‍ ഗുജറാത്തിന്റെ ബാറ്റിംഗ് നിര അക്ഷരാര്‍ഥത്തില്‍ പതറി. ഒന്നാം ഇന്നംഗ്‌സില്‍ സന്ദീപ് വാര്യര്‍ നേടിയത് 4 വിക്കറ്റുകള്‍. പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ മികച്ച സ്വിംഗ് പുറത്തെടുക്കാനായതും സന്ദീപിന് അനുകൂലമായി, ബേസില്‍ തമ്പിയും, നിധേഷും നേടിയത് മൂന്ന് വിക്കറ്റുകള്‍ വീതം.

സ്ഥിരതയാര്‍ന്ന പ്രകടനം കാ!ഴ്ചവെക്കുന്ന ബേസില്‍ കൃഷ്ണഗിരിയിലും 140ന് മുകളില്‍ പന്തെറിഞ്ഞപ്പോള്‍ പാര്‍ഥിവ് പട്ടേലടക്കമുള്ളവരുടെ വിക്കറ്റുകള്‍ നേടാനും ബേസിലിനായി, രണ്ടാം ഇന്നിംഗ്‌സിലും കേരളത്തെ രക്ഷിച്ചത് ബേസില്‍, സന്ദീപ് ദ്വയം തന്നെ. രണ്ട് പേരും ചേര്‍ന്ന് നേടിയത് 9 വിക്കറ്റുകള്‍.

ചിതറിക്കിടന്ന ടീമിനെ അട്ടിമറികള്‍ നടത്താന്‍ ക!ഴിവുള്ള ടീമാക്കി മാറ്റിയത് കോച്ച് ഡേവ് വാട്ട്‌മോറാണ്. സന്ദീപിന്റെയും, ബേസിലിന്റെയും പ്രകടനം മികച്ചതാണെന്ന് വാട്ട്‌മോറും പ്രതികരിച്ചു.

രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കും നിധേഷും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കൃഷ്ണഗിരിയില്‍ സെമി കളിക്കാന്‍ തയ്യാറെടുക്കുമ്പോഴും കേരളത്തിന്റെ പ്രതീക്ഷ പേസ് ത്രയത്തില്‍ തന്നെയാണ്