കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കിഫ്ബി അഭിമാനകരമായ റെക്കോര്‍ഡ് നേടിയതായി ധനമന്ത്രി തോമസ് ഐസക്. 1611 കോടിയുടെ പദ്ധതിക്കാണ് കിഫ്ബി ഇന്ന് അംഗീകാരം നല്‍കിയത്. 3 ജില്ലകളില്‍ സാംസ്‌കാരിക നിലയങ്ങള്‍ക്കും കിഫ്ബി മുതല്‍മുടക്കും.

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേ ബില്‍ പ്രായോഗിക തലത്തില്‍ എത്താത്തത് സംസ്ഥാനത്ത് വലിയ നികുതി ചോര്‍ച്ചയ്ക്ക് ഇടയാക്കിയതായും ധനമന്ത്രി വ്യക്തമാക്കി.

9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 748.16 കോടി രൂപയും ഉപ പദ്ധതികള്‍ക്കായി 863.34 കോടിക്കുമാണ് കിഫ്ബി അംഗീകാരം നല്‍കിയത്.

ഇതോടെ 512 പദ്ധതികളിലായി ആകെ 41,325 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

1611 കോടിയുടെ പദ്ധതിയില്‍ എല്‍.പി യു.പി സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിനായി 292 കോടിയും പാലക്കാട്, കാസര്‍ക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ സംസ്‌കാരിക നിലയങ്ങള്‍ക്കായി 160 കോടി നല്‍കാനും അംഗീകാരമായി. കോളേജ് വിദ്യാഭ്യാസ മേഖലയിലും കിഫ്ബി മുതല്‍മുടക്കാന്‍ തീരുമാനിച്ചു.

വന്‍കിട പദ്ധതികളായ ആലപ്പുഴ മൊബിലിറ്റി ഹബിന് 129 കോടി, പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് 112 കോടി പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്കിന് 157 കോടിയും നല്‍കും.

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേ ബില്‍ പ്രായോഗിക തലത്തില്‍ എത്താത്തത് സംസ്ഥാനത്ത് വലിയ നികുതി ചോര്‍ച്ചയ്ക്ക് ഇടയാക്കിയതായും ധനമന്ത്രി പറഞ്ഞു.

പ്രളയസെസ് അഖിലേന്ത്യാ തലത്തില്‍ പിരിക്കുന്നത് പ്രായോഗികമല്ല. ഒരു ശതമാനം നികുതി ജനങ്ങള്‍ക്ക് വലിയ ഭാരമാകില്ലെന്നും ധനമന്ത്രി കിഫ്ബി ബോര്‍ഡ് യോഗത്തിന് ശേഷം വ്യക്തമാക്കി.