‘മോഡി ഭരണത്തെ അധികാരഭ്രഷ്ടമാക്കുക, കോണ്‍ഗ്രസിന്റെ അവസരവാദ നയം തുറന്നുകാട്ടുക’; എല്‍ഡിഎഫിന്‍റെ രണ്ടു ജാഥകള്‍ ഫെബ്രുവരിയില്‍; മാര്‍ച്ച് രണ്ടിന് തൃശൂരില്‍ റാലി

തിരുവനന്തപുരം: മോഡി ഭരണത്തെ അധികാരഭ്രഷ്ടമാക്കുക, കോണ്‍ഗ്രസിന്റെ അവസരവാദ നയം തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണത്തിന് എല്‍ഡിഎഫ് രൂപം നല്‍കി.

ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കുന്ന രണ്ട് ജാഥകള്‍ പ്രചാരണം നടത്തും.

തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍ഗോഡ് നിന്ന് വടക്കന്‍ മേഖലാ ജാഥയും മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്‍‌റാലിയോടെ സമാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗമാണ് പ്രചാരണത്തിന് രൂപം നല്‍കിയതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമേമളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന് കൂടുതല്‍ ഇടതുപക്ഷ എംപിമാരെ സൃഷ്ടിക്കുകയെന്ന അനിവാര്യമായ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാന്‍ എല്‍ഡിഎഫിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളുടെ ഇരയാണ് കേരളം.

മോഡിയെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്നതിനൊപ്പം മൃദുഹിന്ദുത്വ നിലപാടും അവസരവാദപരമായ സമീപനവും തുടരുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുകയും ചെയ്യും.

രാജ്യത്തിന്റെ പുരോഗതിക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഉതകുന്ന ഇടതുപക്ഷ ബദല്‍ നയം അവതരിപ്പിക്കും. പ്രധാനമന്ത്രിയുടേതല്ല, സംഘപരിവാര്‍ പ്രചാരകന്റെ ശൈലിയാണ് നരേന്ദ്രമോഡിയില്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹം കേരളത്തില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഈ ശൈലിയാണ് കണ്ടത്.

എല്ലാ ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയുടെ പൊതുഘടനയെയും അദ്ദേഹം വെല്ലുവിളിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാര്‍ വരണം. അതില്‍ ഗുണപരമായ ഇടപെടല്‍ സാധ്യമാക്കുന്നതിന് ഇടതുപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും വേണം. അതിന് എല്‍ഡിഎഫിനെ സജ്ജമാക്കുന്നതിനുള്ള ചുമതല മുന്നണി ഏറ്റെടുക്കും

എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജാഥകള്‍ പ്രചാരണം നടത്തും. ജനുവരി 25നുള്ളില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും.

30നകം നിയമസഭാ മണ്ഡലം കമ്മിറ്റികളും ചേരും. ബുത്ത് തലം വരെ പ്രവര്‍ത്തകരെ സജ്ജമാക്കും. തിരുവനന്തപുരം മേഖലാ ജാഥയ്ക്ക് സിപിഐഎമ്മിന്റെയും കാസര്‍ഗോഡ് നിന്നുള്ള ജാഥയ്ക്ക് സിപിഐയുടെയും പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. എല്ലാ ഘടകകക്ഷി നേതാക്കളും ജാഥയില്‍ അണിനിരക്കും.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച സുവ്യക്തമായ നിലപാട് ജാഥയില്‍ ചര്‍ച്ച ചെയ്യും. മണ്ഡല-മകരവിളക്ക് കാലം സമാധാനപരമായി നടത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കൈ അഭിനന്ദനാര്‍ഹമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെട്ടതായി യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here