പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോടിയേരി; കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്പു പറഞ്ഞ മോദി അതിന് തയ്യാറാവണം

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്പു പറഞ്ഞ മോദി അതിനു തയ്യാറാവുകയാണ് വേണ്ടതെന്നും കോടിയേരി വിശദമാക്കി. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയിലാണ് കോടിയേരിയുടെ വെല്ലുവിളി.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

ശബരിമല സ്ത്രീപ്രവേശനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബിജെപിയും മോഡി സര്‍ക്കാരും ഗൂഢമായി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊല്ലം പ്രസംഗം.

എന്‍ഡിഎയുടെ സമ്മേളനം ഉദ്ഘാടനംചെയ്ത് മോഡി നടത്തിയ പ്രസംഗത്തില്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റുകാരെയും കടന്നാക്രമിക്കുന്നതിനാണ് തയ്യാറായത്. ശബരിമലവിഷയത്തില്‍ ഇത്രമാത്രം പാപം ചെയ്യാന്‍ ഒരു സര്‍ക്കാരിന് കഴിയുന്നതെങ്ങനെയെന്ന ‘അത്ഭുത’ പ്രകടനവും മോഡി നടത്തി. ഇത് ശരിക്കും വോട്ടിനുവേണ്ടിയുള്ള തകിടംമറിച്ചിലാണ്. ഇത് രാഷ്ട്രീയ അധാര്‍മികതയാണ്.

പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം

ശബരിമല ക്ഷേത്രദര്‍ശനത്തിന് 10നും 50നും മധ്യേയുള്ള വനിതകള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് , മോഡി സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയമാണ് രേഖാമൂലം നിര്‍ദേശം നല്‍കിയത്. ആ സര്‍ക്കുലര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ അത് പരസ്യമായി പ്രകടിപ്പിക്കണം. കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല.

യുവതീപ്രവേശനത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയുള്‍പ്പെടെ മൂന്ന് മന്ത്രിമാരെങ്കിലും സ്വാഗതംചെയ്ത ല്ലോ. എന്തുകൊണ്ട് തന്റെ മന്ത്രിസഭാ അംഗങ്ങളെ മോഡി ഇതുവരെ തിരുത്തിയില്ല. കോടതിവിധി വന്നപ്പോള്‍ മാത്രമല്ല, കോടതിയില്‍ കേസിന്റെ വാദം നടന്ന വേളകളിലടക്കം സ്ത്രീപ്രവേശനത്തെ ആര്‍എസ്എസ് നേതൃത്വം അനുകൂലിച്ചിരുന്നുവല്ലോ.

അങ്ങനെയെങ്കില്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പാപമാണെങ്കില്‍ അതേ പാപം മറ്റൊരു വിധത്തില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നവരും ചെയ്തില്ലേ. ഭക്തന്മാരിലും വിശ്വാസികളിലും ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫിനും സംസ്ഥാന സര്‍ക്കാരിനും എതിരെയാക്കുന്നതിനുവേണ്ടിയുള്ള നികൃഷ്ടമായ രാഷ്ട്രീയ ആയുധമായി ശബരിമലവിഷയത്തെ മോഡിയും കൂട്ടരും മാറ്റിയിരിക്കുകയാണ്. ഇവിടെ തകിടംമറിയല്‍ ആരുടേതാണെന്ന് വ്യക്തം.

മോഡി അധികാരത്തില്‍വന്നത് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യില്‍ തൊട്ടല്ല. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കോടതിയലക്ഷ്യത്തിനും സത്യപ്രതിജ്ഞാലംഘനത്തിനും പ്രധാനമന്ത്രിക്കെതിരെ കേസെടുക്കുകയാണ് നീതിപീഠവും ഭരണസംവിധാനവും ചെയ്യേണ്ടത്.

രാജ്യത്തിന്റെ ചരിത്രത്തെയും വിശ്വാസങ്ങളെയും ആധ്യാത്മികതയെയും അംഗീകരിക്കാത്തവരും ആരാധിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന് മോഡി പ്രസംഗത്തില്‍ പറഞ്ഞു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അവരുടെ കപട ആത്മീയതയും തുറന്നുകാട്ടുന്നത് മുഖ്യമായും കമ്യൂണിസ്റ്റുകാരാണ്. അതിലുള്ള അസഹിഷ്ണുത കൊണ്ടാണ് കമ്യൂണിസ്റ്റുകാരെപ്പറ്റി മോഡി വേണ്ടാതീനം പറഞ്ഞത്.

ഹിന്ദുരാഷ്ട്രമെന്ന ആശയവുമായി 1925ല്‍ നാഗ്പുരില്‍ രൂപംകൊണ്ടതാണ് ആര്‍എസ്എസ്. ഇതേ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്. പാര്‍ടിയിലും പിന്നീട് കോണ്‍ഗ്രസ്ി സോഷ്യലിസ്റ്റ്ത പാര്‍ടിയിലുംനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു.

എന്നാല്‍, ആര്‍എസ്എസുകാരും ഹിന്ദുത്വരാഷ്ട്രീയവാദികളും സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍നിന്ന്് അകന്നുനിന്നു. ഹിന്ദുരാഷ്ട്രീയവാദികളുടെ ഈ ബ്രിട്ടീഷ് സേവയെ തുറന്നുകാട്ടുന്നതില്‍ മുന്നില്‍നിന്നത് കമ്യൂണിസ്റ്റുകാരാണ്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടാണ് സ്വാതന്ത്ര്യലഭ്യതയുടെ തൊട്ടുപിന്നാലെ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും നവോത്ഥാനപ്രസ്ഥാനത്തിലും പങ്കില്ലാത്ത ആര്‍എസ്എസിന്റേത് ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. അത് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടും. ഇതിലുള്ള വിരോധംകൊണ്ടാണ് ഇന്ത്യയുടെ ചരിത്രത്തെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന വിടുവായത്തം മോഡി പറയുന്നത്.

ഇന്ത്യന്‍ വിമോചനത്തിനും രാജ്യത്തിന്റെ ഭാവിക്കും ഏത് പാത സ്വീകരിക്കണമെന്നതില്‍ വ്യക്തമായ കാഴ്ചപ്പാട് ഇന്നലെയും ഇന്നുമുള്ളത് കമ്യൂണിസ്റ്റുകാര്‍ക്കാണ്. മുതലാളിത്ത വികസനത്തിന്റെയും ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണത്തിന്റെയും പാതയാകരുതെന്നതാണ് നിര്‍ദേശം.

സാമ്രാജ്യത്വവുമായിട്ടുള്ള വിധേയത്വമില്ലാതാക്കാനും ഫ്യൂഡല്‍ അവശിഷ്ടങ്ങളോടുള്ള സന്ധിചെയ്യല്‍ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു. ഈ പാതയിലൂടെ മുന്നോട്ടുപോയിരുന്നുവെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന നല്ല വളര്‍ച്ച പ്രാപിക്കുകയും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഗുണകരമാകുകയും ചെയ്യുമായിരുന്നു.

അല്ലെങ്കില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് ചെവിക്കൊള്ളാത്തതിന്റെ ഫലമെന്തായി ? അഞ്ചാണ്ട് ആകാന്‍ പോകുന്ന മോഡി ഭരണത്തില്‍ ജനങ്ങളുടെ ജീവിതം എങ്ങനെയാണ് ? ഒരുവര്‍ഷം രണ്ടുകോടി പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്നായിരുന്നു ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം.

അപ്രകാരം 10 കോടി പേര്‍ക്ക് തൊഴില്‍ കിട്ടണമായിരുന്നു. പക്ഷേ, കഴിഞ്ഞ ഒരുവര്‍ഷംമാത്രം ഒരു കോടി പത്ത് ലക്ഷം പേരുടെ ഉള്ള തൊഴില്‍ നഷ്ടപ്പെട്ടു. വിലക്കയറ്റം വര്‍ധിച്ചു. കര്‍ഷക ആത്മഹത്യ പെരുകി. പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാത്ത പുരോഗതിയുള്ള രാജ്യമുണ്ടാകാനും മതനിരപേക്ഷത കാക്കാനും കോണ്‍ഗ്രസോ ആര്‍എസ്എസോ മുന്നോട്ടുവയ്ക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രത്തിനല്ല, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിനാണ് കഴിയുക.

മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയലാഭത്തിനും വോട്ടുപിടിക്കാനുമുള്ള ഉപാധിയാക്കുകയാണ് മോഡി. അതിനുവേണ്ടിയാണ് വിശ്വാസികളെയും ആരാധന നടത്തുന്നവരെയും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന അസംബന്ധം മോഡി പുലമ്പിയത്. മതത്തെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും കലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരാണ്.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും വംശവും ഭാഷയും പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നതിനുമുമ്പ് ജസ്റ്റിസ് ടി എസ് ഠാക്കുര്‍ നേതൃത്വം നല്‍കിയ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ധീരമായ ഈ വിധി നല്‍കിയത്.

മതവും ഭരണകൂടവുംതമ്മില്‍, ദൈവവും തെരഞ്ഞെടുപ്പുംതമ്മില്‍ ബന്ധമരുതെന്ന ആശയമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. ഇതിന് വിരുദ്ധമാണ് ശബരിമലയുടെപേരില്‍ വിശ്വാസികളെ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിക്കാനുള്ള മോഡിയുടെ ഉപായം.

സംഘപരിവാറിന്റെ സംസ്‌കാരം

മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നതിനെതിരായ ചിന്ത സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകാരുടെ സംഭാവന വിലപ്പെട്ടതാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന നിലപാട് മുന്നോട്ടുവച്ചുകൊണ്ട് ഈ രംഗത്ത് നടത്തിയ ഇടപെടല്‍, മതം രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതിലെ അപകടത്തെപറ്റി വലിയ തോതില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ഉപകരിച്ചു. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ മതനിരപേക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റുകാര്‍ മുന്നിട്ടുനിന്നു.

ഉറച്ച ഹിന്ദുവായിരിക്കുമ്പോള്‍ ത്തന്നെ ഗാന്ധിജി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തുല്യരായി കണക്കാക്കി ബഹുമാനിച്ചു. അതുകാരണമാണ് ആര്‍എസ്എസ് ആശയത്താല്‍ പ്രേരിതനായ ഹിന്ദുഭ്രാന്തന്‍ അദ്ദേഹത്തെ വധിച്ചത്.

ഗാന്ധിജിയെ വധിച്ച സംഘപരിവാറിന്റെ നേതാവായ പ്രധാനമന്ത്രിയുടെ ‘വിശ്വാസികള്‍ക്കും ആരാധന നടത്തുന്നവര്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരാണെന്ന’ പ്രസ്താവം അസംബന്ധമാണ്. ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ താല്‍പ്പര്യപ്പെടുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിവിധി പ്രകാരം നിലപാടെടുത്തിരിക്കുന്നത് ഭക്തിയുടെ വഴി വിശാലമാക്കുന്നതാണല്ലോ.

ബാബ്‌റി മസ്ജിദ് തകര്‍ക്കുകയും നിലവിലുള്ള ആയിരത്തിലധികം പള്ളികള്‍ പൊളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഉത്തമനായ പ്രതിനിധിയാണ് നരേന്ദ്ര മോഡി. വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം സംസാരിക്കുന്നത് പരിഹാസ്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നൂറ് ദിവസംമാത്രം ശേഷിക്കെ, ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും അവസ്ഥ ദുഷ്‌കരമായിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് മോഡിക്കും ബിജെപിക്കും മുന്നില്‍, അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അഴിമതിയിലും കെടുകാര്യസ്ഥതയിലും നിറംകെട്ടിരുന്നു.

അതുകൂടി പ്രയോജനപ്പെടുത്തിയാണ് ബിജെപി 2014ല്‍ വന്‍ ഭൂരിപക്ഷം നേടിയത്. അക്കാര്യത്തില്‍ത്തന്നെ 80 സീറ്റുള്ള യുപിയില്‍ 71 സീറ്റ് സ്വന്തമായും 2 സീറ്റ് സഖ്യകക്ഷിക്കും നേടാനായത് വിജയക്കുതിപ്പിലെ പ്രധാനഘടകമായി. എന്നാല്‍, ബഹുജന്‍ സമാജ് പാര്‍ടിയും സമാജ്വാദി പാര്‍ടിയും സീറ്റ് പങ്കിട്ടും സഖ്യം രൂപീകരിച്ചും പ്രഖ്യാപനം നടത്തിയത് ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ ഇപ്പോള്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.

യുപിയില്‍ അടിതെറ്റിയാല്‍ 2019ല്‍ ബിജെപി പുറത്താകുമെന്ന് മാധ്യമനിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയചലനങ്ങളുടെ അടിസ്ഥാനത്തില്‍ മോഡിയും കൂട്ടരും വിഭ്രാന്തിയിലാണ്. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള മോഡിയുടെ സമനിലവിട്ട കൊല്ലം പ്രസംഗം. സ്വന്തം വൈരൂപ്യത്തിന് അന്യന്റെ കണ്ണാടി തകര്‍ത്തതുകൊണ്ട് എന്ത് ഗുണം.

എന്‍ഡിഎയുടെ പൊതുസമ്മേളനത്തിനുമുമ്പായി കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ഈ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ ശരണംവിളികളുമായി ഒരു കൂട്ടം സംഘപരിവാറുകാര്‍ ബഹളംകൂട്ടിയത് തരംതാണ പ്രവൃത്തിയാണ്. ‘സ്വാമിയേ ശരണം’ എന്നത് ഭക്തിനിര്‍ഭരമായി ഉച്ചരിക്കാനുള്ളതാണ്.

വ്രതം അനുഷ്ഠിച്ച അയ്യപ്പന്മാര്‍ ഇതാ വരുന്നൂ എന്ന് മറ്റുള്ളവരെ ധരിപ്പിക്കാനുള്ളതുകൂടിയാണ് ഇത്. അതിനെ പ്രതിഷേധത്തിനും കൂക്കിവിളിക്കാനുമുള്ള ഒന്നാക്കി സംഘപരിവാര്‍ തരംതാഴ്ത്തി. പ്രധാനമന്ത്രിയെ സാക്ഷിയാക്കി ഇത്തരം അഴിഞ്ഞാട്ടം നടത്തിയതിലൂടെ സംഘപരിവാറുകാര്‍ മോഡിയുടെ മുഖത്തും കരിതേച്ചിരിക്കുകയാണ്.

സംഘപരിവാര്‍ നടപടി ജനാധിപത്യത്തിന്റെ ബാലപാഠങ്ങളെപ്പോലും കാറ്റില്‍ പറത്തുന്നതാണ്. യോഗം അലങ്കോലപ്പെടുത്താനുള്ള സംഘപരിവാര്‍ ബഹളത്തിനെതിരെ മുഖ്യമന്ത്രി അതേസമയത്തുതന്നെ ശക്തമായി പ്രതികരിച്ചു. അതിന്റെ ഫലമായി യോഗം സാധാരണ നിലയില്‍ തുടര്‍ന്നു. യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചപ്പോള്‍ സദസ്സില്‍ ആയിരക്കണക്കിന്‌ല ഇടതുപക്ഷക്കാരും അനുഭാവികളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ആരും ഒരു അപശബ്ദവും ഉയര്‍ത്തിയില്ല. ഇതുവെളിപ്പെടുത്തുന്നത്ത ഇടതുപക്ഷ സംസ്‌കാ്രത്തിന്റെ സഹിഷ്ണുലതയും മാന്യതയും ജനാധിപത്യവുമാണ്ു. അവിടെ തെളിഞ്ഞത്് എല്‍ഡിഎഫിന്റെയും ആര്‍എസ്തഎസിന്റെയും വിഭിന്ന സംസ്‌കാറരങ്ങളാണ്.

അഴിഞ്ഞാട്ടം നടത്തിയ സംഘപരിവാറുകാര്‍ക്കെതിരെ മാതൃകാപരമായ സംഘടനാനടപടി പ്രഖ്യാപിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ബിജെപിക്കും ആര്‍എസ്എസിനുമുണ്ട്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്പ് പറച്ചില്‍ നടത്തിയ മോഡിയെ, ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ടയില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് വെല്ലുവിളിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News