ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു; ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം

മണ്ഡല, മകരവിളക്ക് കാലത്ത് 51 യുവതികള്‍ ശബരിമല സന്ദര്‍ശിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഇവരുടെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

പട്ടികയില്‍ കൂടുതലും ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന സ്വദേശികളാണ്. പട്ടികയില്‍ പേര്, വയസ്, ആധാര്‍ നമ്പര്‍, മൊമ്പൈല്‍ നമ്പര്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ട്.

ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സംരക്ഷണം തുടരാനും കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് നാഗേശ്വര്‍ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News