ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ദര്‍ശനത്തിനെത്തിയത് 51 യുവതികള്‍; സീസണില്‍ 44 ലക്ഷം പേര്‍ ശബരിമല ദര്‍ശനം നടത്തിയെന്നും ദേവസ്വം മന്ത്രി

ശബരിമലയിൽ എത്തിയ 51 യുവതികൾ ഓൺലൈൻ രജിസ്ട്രേഷനിലൂടെ എത്തിയവരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഈ സീസണിൽ 44 ലക്ഷം പേർ ശബരിമലയിൽ ദർശനം നടത്തി. ഇതിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രം എത്തിയത് 8.2 ലക്ഷം പേർ. 7564 യുവതികളും ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരുന്നു. കനകദുർഗയും ബിന്ദുവും എത്തിയത് രജിസ്റ്റർ ചെയ്യാതെയെന്നും ദേവസ്വം മന്ത്രി സ്ഥിരീകരിച്ചു.

മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച വൃശ്ചികം ഒന്നായ 2018 നവംബർ 16 മുതലുള്ള കണക്കാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

ഇതിൽ ആകെ ദർശനം നടത്തിയവർ 44 ലക്ഷം പേർ എന്ന് വ്യക്തമാക്കുന്നു. 16 ലക്ഷം പേർ ഒാൺലൈനിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്തപ്പോൾ 8.2 പേരാണ് ദർശനം നടത്തിയത്.

ഇതിൽ തന്നെ 10നും 50വയസിനും മദ്ധ്യേ പ്രായമുള്ള 7564 യുവതികൾ രജിസ്റ്റർ ചെയ്തതിലാണ് 51 പേർ എത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

യുവതികളെ തിരിച്ചറിഞ്ഞത് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന ആധാർ രേഖയിലൂടെയാണ്. രജിസ്ട്രേഷൻ സ്ളിപ്പ് പമ്പയിൽ സ്റ്റാമ്പ് ചെയ്യുമ്പോ‍ഴാണ് ദർശനത്തിനെത്തിയ യുവതികളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്.

ഓൺലൈനിനു പുറമെ എത്തിയവർ വെറെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ശബരിമലയിൽ ദർശനത്തിനെത്തുന്ന വിവരം പരസ്യപ്പെടുത്താതെ എത്തിയവർക്ക് ദർശനത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതാണ് ഇതിലൂടെ വ്യക്തമായത്.

ദർശനം നടത്തിയ യുവതികളുടെ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നും മന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here