കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയര്‍ക്കുന്നത്ത് കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി. അരീപ്പറമ്പ് ഒറവയ്ക്കലുള്ള ഹോളോബ്രിക്‌സ് കമ്പനിക്ക് സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഹോളോബ്രിക്‌സ് കമ്പനിയിലെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍.

അയര്‍ക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ വ്യാഴാഴ്ച്ചയാണ് വീട്ടില്‍ നിന്ന് കാണാതായത്. മൃതദേഹം കണ്ടെത്തിയ സ്ഥാപനത്തിലെ ഡ്രൈവറും മാലം സ്വദേശിയുമായ അജീഷിന്റെ ഫോണ്‍ കോളാണ് ഏറ്റവും ഒടുവില്‍ പെണ്‍കുട്ടിക്ക് ലഭിച്ചത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചതോടെ അജീഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കൊലപാതം നടത്തി മൃതദേഹം വാഴക്കൂട്ടത്തില്‍ ഉപേക്ഷിച്ചതായി അജീഷ് പൊലീസിനോട് സമ്മതിച്ചു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. പ്രതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒറവയ്ക്കലിലെ ഹോളോബ്രിക്‌സ് കമ്പനിക്ക് സമീപത്തെ പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയില്‍ നിന്നും പൊലീസ് മൃതദേഹം കണ്ടെടുത്തു.

ഡിവൈഎസ്പി ആര്‍ ശ്രികുമാര്‍ ,സിഐ ടി ആര്‍ ജിജു, എസ് ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെ രണ്ട് തവണ വിവാഹം ചെയ്ത് ബന്ധം വേര്‍പ്പെടുത്തിയ അജേഷിന്റെ പേരില്‍ അയര്‍കുന്നം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News