വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്യാനായി യാത്രക്കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് ചാടിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്യാനായി യാത്രക്കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് ചാടിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് കടല്‍ വെള്ളത്തിലേക്ക് ചാടിയ യുവാവ് മരണത്തെ അതിജീവിച്ചെങ്കിലും ദേഹമാസകലം പരുക്കേറ്റതിനൊപ്പം ആഡംബര കപ്പലായ റോയല്‍ കരീബിയന്‍ ക്രൂയിസിന്റെ സിംഫണി ഓഫ് സീസ് കപ്പലില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും ലഭിച്ചു. എന്തായാലും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാനായി അതിസാഹസിക ചാട്ടം ചാടിയ വാഷിംഗ്ടണ്‍ സ്വദേശിയായ നിക്കോളെ നയ്‌ദേവിന് വീഡിയോ വൈറലായി എന്നാശ്വസിക്കാം. ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്.

സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിക്കോളയെ വിഡ്ഢിയെന്നും കിറുക്കനെന്നുമാണ് ഭൂരിഭാഗമാളുകളും വിശേഷിപ്പിച്ചത്.

ബഹാമാസിലെ നസാവുവില്‍ നങ്കൂരമിട്ട റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലില്‍ നിന്നായിരുന്നു 27കാരനായ നിക്കോളയുടെ ചാട്ടം. നിക്കോളെയുടെ സുഹൃത്തുക്കള്‍ ദൃശ്യം പകര്‍ത്തുകയും ചെയ്തു. കടലിലേക്കു ചാടിയ നിക്കോളയെ ഒരു ചെറിയ ബോട്ടിലെ സഞ്ചാരികളെത്തി കപ്പലിലെത്തിച്ചു. പക്ഷേ ജീവാപായം വരാവുന്ന ചാട്ടം ശ്രദ്ധയില്‍പ്പെട്ട കപ്പല്‍ അധികൃതര്‍ നിക്കോളയെ കപ്പലില്‍ തിരികെ കയറുവാന്‍ പോലും അനുവദിച്ചില്ല. മാത്രവുമല്ല തുടര്‍ന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് നിക്കോളയെയും സുഹൃത്തുക്കളെയും വിലക്കിയ അധികൃതര്‍ മിയാമിയിലെ വീട്ടിലേക്ക് മടങ്ങാന്‍ സ്വന്തം മാര്‍ഗം കണ്ടെത്താനും ആവശ്യപ്പെട്ടു.

തലേദിവസത്തെ മദ്യലഹരിയിലായിരുന്നു താനെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കപ്പലില്‍ നിന്ന് കടലിലേക്ക് ചാടുവാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് നിക്കോളെ നല്‍കിയ വിശദീകരണം.

നിക്കോളെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ് റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലിന്റെ അധികൃതര്‍.

ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് റോയല്‍ കരീബിയന്‍ ക്രൂയിസിന്റെ സിംഫണി ഓഫ് സീസ്. 18 നിലകളുള്ള ഈ കപ്പിലില്‍ 7,000 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 2,200 ജീവനക്കാരും ഈ കപ്പലിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News