തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തിന് പരിഹാരമാകുന്നു; കളക്ടര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തയ്യാര്‍

തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തിന് പരിഹാരമാകുന്നു. ജില്ലാ കളക്ടര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തയ്യാറായതാണ് പ്രശ്‌നപരിഹാരത്തിന് വഴിവെച്ചത്.

ഹൈക്കോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണച്ചുമതല ഒഴിയാന്‍ യാക്കോബായ വിഭാഗം തയ്യാറായപ്പോള്‍ ഹൈക്കോടതിക്കു മുന്നിലിരിക്കുന്ന അപ്പീലില്‍ തീരുമാനമാകും വരെ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും കളക്ടറെ അറിയിച്ചു.

അതേ സമയം നാളെ ഒരു ദിവസത്തേക്ക് കുര്‍ബാനയ്ക്ക് അനുമതി നല്‍കണമെന്ന് യാക്കോബായ സഭ ആവശ്യമുന്നയിച്ചെങ്കിലും കളക്ടര്‍ അംഗീകരിച്ചില്ല. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് താല്ക്കാലിക പരിഹാരമായിരിക്കുന്നത്.പള്ളിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്ന കളക്ടറുടെ നിര്‍ദേശം കഴിഞ്ഞ ദിവസംതന്നെ ഇരു കൂട്ടരും അംഗീകരിച്ചിരുന്നു.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന അപ്പീലില്‍ വിധി വരുന്നതുവരെ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ഉറപ്പ് നല്‍കിയപ്പോള്‍ പള്ളിയിലെ പ്രാര്‍ഥനാ യജ്ഞം അവസാനിപ്പിച്ച് മടങ്ങാന്‍ യാക്കോബായ വിഭാഗവും തയ്യാറായി.അതേ സമയം ഹൈക്കോടതി വിധിപ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയുന്നതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ കളക്ടര്‍ യാക്കോബായ വിഭാഗത്തോട് നിര്‍ദേശിച്ചിരുന്നു.

ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന്കൂടിയാലോചനകള്‍ക്കു ശേഷം യാക്കോബായ സഭ കളക്ടറെ അറിയിച്ചു. വിധി പ്രകാരം ഭരണച്ചുമതല ഒഴിയാന്‍ തയ്യാറാണെന്നും ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ സഭ രേഖാമൂലം കളക്ടര്‍ക്ക് ഉറപ്പ് നല്‍കി.എന്നാല്‍ നാളെ ഒരു ദിവസത്തേക്ക് പള്ളിയില്‍ കുര്‍ബാന നടത്താന്‍ അനുമതി നല്‍കണമെന്നൊരാവശ്യം യാക്കോബായ വിഭാഗം മുന്നോട്ട് വെച്ചു.

ഈ ആവശ്യം കളക്ടര്‍ തള്ളി.കുര്‍ബാനക്ക് അനുമതി നല്‍കിയാല്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം.കളക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ സഭയും വ്യക്തമാക്കിയതോടെ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വിരാമമായി.രണ്ട് ദിവസം മുന്‍പാണ് അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പള്ളിക്കു മുന്നില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയത്. ഇതെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം സാധ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News