ഗത്യന്തരമില്ലാതെ ബിജെപി നടത്തിവന്ന സമര നാടകം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ മറവില്‍ ബിജെപി നടത്തിവന്ന സമര നാടകം അവസാനിപ്പിക്കുന്നു. 48 ദിവസമായി സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരമാണ് ഗത്യന്തരമില്ലാതെ നിര്‍ത്തുന്നത്. ഞായറാഴ്ച പകല്‍ 10.30 ഓടെ സമരം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എട്ടിന് സമരപ്പന്തലിലെത്തിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊട്ടിഘോഷിച്ച് തുടങ്ങിയ സമരത്തെ നേതാക്കളും പ്രവര്‍ത്തകരും തുടക്കംമുതലേ കൈവിട്ടിരുന്നു. ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി തുടങ്ങിയ നിരാഹാര സമരത്തോട് ഒരു വിഭാഗം എതിര്‍പ്പ് ശക്തമാക്കിയിരുന്നു.

മുന്‍നിര നേതാക്കളാരും തുടര്‍സമരം ഏറ്റെടുക്കാന്‍ തയാറായില്ല. ഇതോടെ പ്രവര്‍ത്തകര്‍ക്കുപോലും അറിയാത്ത നേതാക്കളെ കൊണ്ടുവന്ന് നിരാഹാരം കിടത്തേണ്ട അവസ്ഥയിലെത്തി സംസ്ഥാന പ്രസിഡന്റും സംഘവും. സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞദിവസം ദേശീയ നേതാവായ പി കെ കൃഷ്ണദാസിനെ നിരാഹാരം കിടത്തിയത്.

ശബരിമലയുടെ മറവില്‍ ഹര്‍ത്താലും അക്രമങ്ങളും വ്യാപമാക്കിയതോടെ പൊതുസമൂഹം ബിജെപി സമരത്തെ തള്ളിയിരുന്നു. സെക്രട്ടറിയറ്റ് വളയല്‍ ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തകരെ കിട്ടാതെ ഉപേക്ഷിച്ചു. പൊതുസമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാകാത്ത സമരം നേതൃത്വത്തിന് വയ്യാവേലി ആയതോടെയാണ് നിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News