സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ് സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ് സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതി മന്ത്രി എം എം മണി ആധുനിക സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടുതല്‍ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ജലവിഭവം മാത്രമല്ല, സോളാര്‍ പോലുളള മറ്റ് ഉറവിടങ്ങളെയും ഉപയോഗിക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് എം എം മണി പറഞ്ഞു.

ഗുണമേന്മയുളള വൈദ്യുതി തടസ്സമില്ലാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്റര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് പദ്ധതി വഴിയാണ് തൃപ്പൂണിത്തുറയില്‍ സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ്‌സ്റ്റേഷന്‍ ആരംഭിച്ചത്. 66 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.

സാധാരണ സബ്‌സ്റ്റേഷനില്‍ നിന്നും വ്യത്യസ്തമായി ജിഐഎസ് സബ് സ്റ്റേഷന് 40 സെന്റ് സ്ഥലം മാത്രം മതിയെന്നതാണ് പ്രത്യേകത. പരിപാലനച്ചെലവും താരതമ്യേന കുറവാണ്. തൃപ്പൂണിത്തുറ, ഏരൂര്‍ . ചോറ്റാനിക്കര സെക്ഷനിലുളള 50,000 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് അത്യാധുനിക രീതിയിലുളള പുതിയ സബ്‌സ്റ്റേഷന്‍.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉദ്പാദനത്തിനായി ജലവിഭവം മാത്രമല്ല, സോളാര്‍ പോലുളള മറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്താനുളള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയതായി മന്ത്രി എം എം മണി പറഞ്ഞു.

ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ സ്റ്റേഷനെക്കുറിച്ചും ആലോചനയിലുണ്ട്. പുറം കരാറുകളില്ലാതെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഇവിടെത്തന്നെ ഉദ്പാദിപ്പിക്കുന്ന രീതിയില്‍ സ്വയംപര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here