സിനിമയെ പാഷനായി കൊണ്ടു നടക്കുകയും സിനിമാ ഭ്രമം മൂത്ത് ജോലി വരെ ഉപേക്ഷിച്ചു കറങ്ങി നടക്കുന്നവരെയും ലക്ഷ്യമിട്ടാണ് മുംബൈയിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

അഭിനയ മോഹവുമായി നടക്കുന്ന യുവ തലമുറയെയാണ് പ്രധാനമായും ചൂഷണത്തിനിരയാക്കുന്നത്. ഫേസ്ബുക്, വാട്ട്സപ്പ് തുടങ്ങിയ കൂട്ടായ്മകളെ ദുരുപയോഗം ചെയ്താണ് ഇവർ ബന്ധങ്ങൾ സ്ഥാപിച്ചു പ്രലോഭനങ്ങൾ വഴി തട്ടിപ്പ് നടത്തുന്നത്.

കാസ്റ്റിങ് കോർഡിനേറ്റർ ചമഞ്ഞും ഇടനിലക്കാരനെന്ന വ്യാജേനയുമാണ് ഇവർ സിനിമയിലെ അഭിനയം, നിർമ്മാണം, സംവിധാനം, മുതൽ തിരക്കഥ, ഗാനരചനകൾ വരെയുള്ള മേഖലകളിൽ അവസരങ്ങളുണ്ടെന്ന വ്യാജേന ആളുകളെ ആകർഷിച്ചു പണം തട്ടിയെടുക്കുന്നത്.

കാസ്റ്റിങ് ഡയറക്ടർമാരെന്ന പേരിൽ സീരിയലിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു കോടി തട്ടിയ സംഘമാണ് ഈയിടെ മുംബൈയിൽ പിടിയിലായത്.

അവിനാശ് ശർമ (24), വിനോദ് സോളങ്കി (30) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 75 അഭിനേതാക്കളിൽനിന്നാണ് വിവിധ ഘട്ടങ്ങളിലായി ഒരു കോടി രൂപയോളം ഇവർ അടിച്ചു മാറ്റിയത്.

നിർമാതാവിന് നൽകാനെന്ന് വിശ്വസിപ്പിച്ച് അഭിനയിക്കുന്ന വീഡിയോകളും ബയോഡാറ്റ, ഫോട്ടോ തുടങ്ങിയവ വിവരങ്ങളുമാണ് ആദ്യം ആവശ്യപ്പെടുന്നത്.

പിന്നീട് അഭിനയിക്കാൻ ചാൻസുണ്ടെന്ന് അംഗീകൃത കാസ്റ്റിങ് ഏജൻസികളുടെ മെയിൽ വഴി വിവരം അറിയിക്കുന്നതാണ് അടുത്ത പടി.

ഈ വലയിൽ വീഴുന്നവരെയാണ് തുടർന്നുള്ള ഇടപാടുകളിലൂടെ ആസൂത്രിമായി പറ്റിക്കുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട സംവാദങ്ങളെല്ലാം വാട്ട്സപ്പ് അല്ലെങ്കിൽ ഇ-മെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് നടത്തുക.

25000 രൂപ മുതൽ ഒരു ലക്ഷം വരെ കബളിപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികൾ എടുത്തിരിക്കുന്നത്.

ഇത്തരത്തിലുള്ള ചൂഷണം പ്രധാനമായും മലയാളം, ഹിന്ദി, മറാത്തി സിനിമകൾ കേന്ദ്രീകരിച്ചാണ് നടന്നു കൊണ്ടിരിക്കുന്നത്.

അഭിനയ മോഹവുമായി നടക്കുന്നവരാണ് ഇവരുടെ പ്രധാന ഇരകൾ. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു പോലും ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തവരെ കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

ആദ്യ കാലങ്ങളിൽ സിനിമ ജീവിതം, കരിയർ എന്നിവയെ കുറിച്ചോർത്ത് പലരും ഇത്തരത്തിലുളള ദുരനുഭങ്ങൾ മറച്ചു വയ്ക്കുമായിരുന്നു.

എന്നാൽ ഇതിന്റെ തോത് വർധിച്ചു തുടങ്ങിയപ്പോഴാണ് പലരും പ്രതികരിച്ചു തുടങ്ങിയത്. സ്ത്രീകളെ ചുറ്റിപ്പറ്റിയുളള കഥകളാണ് ആദ്യ കാലങ്ങളിൽ കേട്ടിരുന്നതെങ്കിൽ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്നവരിൽ പുരുഷന്മാരുമുണ്ടെന്നുള്ള റിപോർട്ടുകളാണ് പുറത്തു വരുന്നത്.

ഇവരെല്ലാം ധന നഷ്ടത്തിനും ലൈംഗിക ചൂഷണങ്ങൾക്കും ഇരകളാകുന്നതിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി നടന്നു കൊണ്ടിരിക്കുന്ന ഇത്തരം ചതിക്കുഴികളിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.