മുംബൈയുടെ അണ്ടര്‍ 16 ക്രിക്കറ്റ് ടീമിന്റെ നായകന്‍ മുഷീര്‍ ഖാനെയാണ് സഹതാരങ്ങളോട് മോശമായി പെരുമാറിയതിന് മൂന്ന് വര്‍ഷം വിലക്കിയത്.

സഹതാരങ്ങളുടെ പരാതിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് 14കാരനായ മുഷീറിനെ കളിയില്‍ നിന്ന് വിലക്കിയത്.

മുഷീര്‍ മോശമായി പെരുമാറിയതായും ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സല്‍പ്പേരിനെ ബാധിച്ചുവെന്നാണ് അഡ്ഹേക് കമ്മിറ്റി കണ്ടെത്തിയത്.

ക്യാപ്റ്റന്റെ പെരുമാറ്റം സഹതാരങ്ങളെയും ഞെട്ടിച്ചുവെന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്.

വിജയ് മര്‍ച്ചന്റ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് മുഷീര്‍ സഹതാരങ്ങളോട് മോശമായി പെരുമാറിയത്. സഹതാരങ്ങള്‍ സംഭവം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു.

മുഷീറിനെതിരെ ടീം മാനേജര്‍ വിഗ്നേഷ് കാദവും വേദാന്ദ ഗാഡിയ എന്ന സഹതാരവും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനായി കണ്ടെത്തിയത്.

ഇന്ത്യന്‍ അണ്ടര്‍ 19 ടീം താരമായിരുന്ന സര്‍ഫ്രാസ് ഖാന്റെ സഹോദരനാണ് മുഷീര്‍. മുഷീറിന് അസോസിയേഷന്റെ സസ്പെന്‍ഷന്‍ നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാകും.

എന്നാല്‍ മുഷീറിന് നേരെയുള്ള നടപടി അല്‍പം കടന്നുപോയെന്ന നിലപാടിലാണ് മുന്‍ ഇന്ത്യന്‍ നായകനായ ദിലീപ് വെങ്സര്‍ക്കര്‍.

യുവ താരങ്ങള്‍ക്കെല്ലാം കൗണ്‍സിലിംഗ് നല്‍കണമെന്നും കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും മുന്‍ നായകന്‍ പറഞ്ഞു.