നമ്മള്‍ ഒരുപാട് ആരാധിക്കുന്ന സിനിമാ നടന്മാരെയോ കായിക താരങ്ങളെയോ അടുത്ത് കാണുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

അപ്പോള്‍ അവര്‍ നമ്മുടെ മുന്നില്‍ മുട്ടുക്കുത്തി നിന്ന് കുശലാന്വേഷണം നടത്തിയാലോ. അതിലും വലിയൊരു സന്തോഷം വേറെയൊന്നുമില്ല.

ജന്മനാ വൈകല്യമുള്ള തന്റെ ആരാധികയുടെ മുന്നില്‍ മുട്ടുക്കുത്തിയിരുന്ന് കുശലാന്വേഷണം നടത്തിയത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട നടനായ സാക്ഷാല്‍ മോഹന്‍ലാല്‍ ആണ്. കുവൈത്തില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ ഈ മനോഹര സംഭവ അരങ്ങേറിയത്.

ജന്മനാ വൈകല്യം നേരിടുന്ന മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയക്കാണ് തന്റെ ആഗ്രഹം സാഫല്യമായത്. 36 കാരിയായ നാദിയ വീല്‍ചെയറിന്റെ സഹായത്തോടെയാണ് യാത്ര ചെയ്യുന്നത്. നാദിയ മലയാളിയല്ല, തന്നെ പരിചരിക്കാന്‍ എത്തിയ നഴ്‌സുമാരില്‍ നിന്ന് ഭാഷ പഠിച്ചാണ് അവര്‍ മലയാള സിനിമകള്‍ കണ്ടതും, മോഹന്‍ലാലിന്റെ കടുത്ത ആരാധികയായതും.

സ്റ്റേജിലേക്ക് കയറാന്‍ കഴിയാത്ത നാദിയയുടെ അടുത്തേക്ക് എത്തുകയായിരുന്നു. മുട്ടുകുത്തി നിന്ന് സംസാരിക്കുന്ന ലാലേട്ടന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.