ബജറ്റ് പ്രസംഗം ഇടത് വലത് നയങ്ങളുടെ സംവാദമാകും; ബജറ്റിന്‍റെ അവസാന ഘട്ട മിനുക്ക് പണിയിലെന്നും തോമസ് ഐസക്

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ്‌ പ്രസംഗം പൂർത്തിയായതായി മന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു. വ്യാഴാഴ്‌ച വ്യാപാരികളുമായുള്ള ചർച്ചയ്‌ക്ക്‌ മുന്നോടിയായാണ്‌ കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകുന്നതായിരിക്കും ബജറ്റ്‌ എന്ന സൂചന മന്ത്രി നൽകുന്നത്‌. വിഴിഞ്ഞത്ത്‌ ബജറ്റിന്റെ തയ്യാറെടുപ്പിലുള്ള മന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂർണരൂപം

അങ്ങനെ ബജറ്റ് പ്രസംഗം ഏറെക്കുറെ പൂർണമായി. ഇനി അവശേഷിക്കുന്നത് വിഭവസമാഹരണം സംബന്ധിച്ച അധ്യായവും ബജറ്റിന്റെ മൊത്ത ധനകാര്യതന്ത്രവുമാണ്. പിന്നെ അത്യാവശ്യം മിനുക്കു പണികളും.

നാളെ നികുതി സംബന്ധിച്ച ചർച്ചയാരംഭിക്കും. വ്യാഴാഴ്ച വ്യാപാരികളുമായുള്ള ചർച്ചയോടെ അതിന് അവസാനരൂപവുമാകും. ഈ തിരക്കുകാരണമാണ് കഴിഞ്ഞ കുറേ ദിവസമായി ഫേസ്ബുക്ക് പോസ്റ്റുകൾ ഒഴിവാക്കിയത്.

പതിവുപോലെ വിഴിഞ്ഞത്താണ്. തിരയും കടൽക്കാറ്റും അസ്തമയത്തിന്റെ വിസ്മയദൃശ്യങ്ങളുമായി കടലിന്റെ പ്രചോദനം. ദിവസവും രാവിലെ ഒരു മണിക്കൂർ കടൽത്തീരത്തിലൂടെ നടത്ത. നിന്നുപോയ ഒരു ശീലം വീണ്ടും പുനഃസ്ഥാപിച്ചു.

രാത്രിയിൽ വിഴിഞ്ഞം കടൽ കണ്ടിട്ടുണ്ടോ? കടൽ നിറയെ വെളിച്ചമാണ്. ആകാശത്തു നിന്ന് അസംഖ്യം നക്ഷത്രങ്ങൾ കടലിലേയ്ക്കുകൊഴിഞ്ഞു വീണതുപോലെ ഒരു കാഴ്ച.

ബോട്ടുകളുടെ വെളിച്ചമാണ്. ഇരുട്ടിത്തുടങ്ങുമ്പോൾ ബോട്ടുകൾ മാലപോലെ കടലിൽ വിന്യസിക്കപ്പെടും. ഒരു ദിവസം ലെഫ്റ്റ് വേഡിലെ സുധൻവയും വിജയ് പ്രസാദും എന്നെ കാണാൻ ഇവിടെയെത്തിയിരുന്നു.

ഈ കാഴ്ചയിൽ മതിമറന്ന വിജയ് പ്രസാദ് കുറേനേരം കൂവിവിളിച്ചൊക്കെ സന്തോഷം പങ്കുവെച്ചത് കൗതുകമായിരുന്നു.

ഈ കാഴ്ചയും അന്തരീക്ഷവും ഏറെ പ്രചോദനം നൽകുന്നതാണ്. ബജറ്റു പ്രസംഗത്തിനു വേണ്ട പുതിയ ആശയങ്ങൾക്കും ആലോചനകൾക്കുമൊക്കെ വല്ലാത്തൊരു ഊർജം എനിക്ക് ഈ അന്തരീക്ഷം നൽകിയിട്ടുണ്ട്. എല്ലാ തിരക്കുകളും ഒഴിവാക്കി, ഏതാണ്ടൊരുമാസം ബജറ്റ് തയ്യാറാക്കാൻ വേണ്ടി മാറ്റി വെയ്ക്കും.

ജനുവരി 31ന് അവതരിപ്പിക്കാൻപോകുന്നത് എൻ്റെ പത്താമത്തെ ബജറ്റാണ്. കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകുന്നതായിരിക്കണം എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഓരോ ബജറ്റും തയ്യാറാക്കുന്നത്.

വരവുചെലവു കണക്കിൻ്റെയും വകുപ്പുകൾക്ക് നീക്കിവെയ്ക്കുന്ന വിഹിതത്തിൻ്റെയും കേവല പ്രസ്താവന എന്ന നിലയ്ക്കല്ല ബജറ്റ് അവതരണത്തെ സമീപിക്കുന്നത്.

പുതിയ വികസനപദ്ധതികളെക്കുറിച്ചും, സ്ഥായിയും നീതിപൂർവവുമായ വികസനത്തിനു വേണ്ടിയുള്ള ധനനയത്തെക്കുറിച്ചുമൊക്കെ സമൂഹത്തിന്റെ നാനാമേഖലകളിൽപ്പെട്ട വിഗദ്ധരും സാധാരണക്കാരും അണിനിരക്കുന്ന വലിയൊരു സംവാദത്തിന് ഓരോ ബജറ്റവതരണവും വഴി തുറന്നിട്ടുണ്ട്.

അതതു മേഖലകളിലെ പണ്ഡിതരും വ്യത്യസ്തവീക്ഷണമുളള രാഷ്ട്രീയനേതാക്കളും സാധാരണക്കാരുമൊക്കെ ആ സംവാദത്തിന്റെ ഭാഗമാകുന്നു. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും വിശകലനങ്ങളും ആ സംവാദത്തിൻ്റെ ഭാഗമായി ഉരുത്തിയിരിയും.

ഇടതുപക്ഷത്തിൻ്റെയും വലതുപക്ഷത്തിൻ്റെയും ധനനയങ്ങളും വികസനസമീപനവും ഈ സംവാദത്തിൽ ഗഹനമായ താരതമ്യത്തിന് വിധേയമാകുന്നു.

ഈ സംവാദം വലിയൊരു ബഹുജനബോധന പരിപാടിയാണ്. വികസനസമീപനം സംബന്ധിച്ച സമൂഹത്തിൻ്റെ പൊതുധാരണ കൂടുതൽ മെച്ചപ്പെടാൻ ഈ സംവാദം വഴിയൊരുക്കുന്നു.

ഈ ബജറ്റും വികസനസംവാദത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുമെന്ന് എനിക്കുറപ്പുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News