അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുത്തില്ല, വീട്ടമ്മയ്ക്ക് മര്‍ദ്ദനം; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൂന്തുറ എസ്ഐ

സ്ത്രീകളെ വീട് കയറി മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടിക്കാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം.

പൂന്തുറ എസ് ഐ സജിന്‍ ലൂയിസിനെതിരേയാണ് ആരോപണവുമായി സിപിഐഎം രംഗത്തെത്തിയത്. ആദ്യമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ പോലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞ് വീണ്ടും ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നാണ് ആക്ഷേപം

ഇന്നലെ വൈകിട്ടേടെയാണ് സംഭവങ്ങളുടെ തുടക്കം. വനിതാ മതിലില്‍ പങ്കെടുത്ത മുട്ടത്തറ സ്വദേശിയായ ബിന്ദുവിനെ ഭര്‍ത്താവും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബൈജു മര്‍ദ്ദിച്ചു.

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാണ് മര്‍ദ്ദിച്ചത്. ഇത് തടയാന്‍ എത്തിയപ്പോ‍ഴായിരുന്നു ബന്ധുവായ അശ്വതിക്ക് നേരെ ആക്രമണം ഉണ്ടായത്.

ബൈജുവും ,സുഹൃത്തുകളുമായ വിജിത്ത് കണ്ണപ്പന്‍ എന്നീവര്‍ ചേര്‍ന്ന് മൃഗീയമായി ബിന്ദുവിനെയും ,അശ്വതിയേയും മര്‍ദ്ദിച്ചു.

കത്തി കൊണ്ട് ബിന്ദുവിന്‍റെ മുടിയുടെ ഒരു ഭാഗം വെട്ടിയെടുത്തു. ഇതില്‍ പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന ബിന്ദുവിനോടും, അശ്വതിയോടും പൂന്തുറ എസ്ഐ സജിന്‍ ലൂയിസ് തണുപ്പന്‍ പ്രതികരണം നടത്തി മടക്കി വിട്ടു എന്നാക്ഷേപം ഉണ്ട്.

പോലീസ് പരാതി വാങ്ങി ഇരുവരെയും മൊ‍ഴി രേഖപെടുത്താതെ പറഞ്ഞ് വിട്ടു. പരാതി നല്‍കിയതറിഞ്ഞ് ഇവര്‍ വീണ്ടും സംഘടിച്ചെത്തി വീണ്ടും മര്‍ദ്ദിച്ചു.

പ്രതികള്‍ ഇരുന്ന് മദ്യപിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറാല്ലെന്നാണ് സിപിഐഎം കമലേശ്വരം ലോക്കല്‍ സെക്രട്ടറി ആരോപിക്കുന്നത്.

പോലീസിന്‍റെ വീ‍ഴ്ച്ച ചൂണ്ടികാണിച്ചതിന് അപമര്യായയോടെ പെരുമാറിയിതായും ലോക്കല്‍ സെക്രട്ടറി വി.ഷാജി ആരോപിച്ചു

സ്ഥിരമായി ബൈജു തന്നെ ഉപദ്രവിക്കുന്നതായി ബിന്ദുവും വെളിപെടുത്തി. വൈകിട്ട് അഞ്ച് മണിക്ക് നടന്ന ആദ്യ സംഭവത്തിന് ശേഷം സ്ത്രീകളള്‍ക്ക് സുരക്ഷ നല്‍കിരുന്നെങ്കില്‍ രണ്ടാമത്തെ അക്രമം ഉണ്ടാവുമായിരുന്നില്ല.

വിവാദമായതിന് ശേഷം രാത്രി 9 മണിക്ക് ശേഷമാണ് സ്ത്രീകളുടെ മൊ‍ഴി രേഖപെടുത്താന്‍ പോലീസ് തയ്യാറായത്. പൂന്തുറ സ്റ്റേഷനിലെ എസ്ഐ സജിന്‍ ലൂയിസ് മുന്‍പും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ മൃദുസമീപനം എടുക്കുന്നതായി ആക്ഷേപം ഉണ്ട്. എസ്ഐക്കെതിരെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഐഎം നേതാക്കള്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here