ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം സൂക്ഷിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം നിര്‍മ്മിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങൾ പ്രദർശിപ്പിക്കാൻ 20,000 ചതുരശ്ര മീറ്റർ വിസ‌്തീർണത്തിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിർമിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ‌്ധസമിതി ശുപാർശ.

സുപ്രീംകോടതി ഉത്തരവിനെതുടർന്ന‌് 2009–-10 കാലയളവിൽ ക്ഷേത്രനിലവറകൾ പരിശോധിച്ചപ്പോഴാണ‌് ശതകോടികൾ വിലമതിക്കുന്ന അമൂല്യമായ വൻ വജ്ര, സ്വർണാഭരണ ശേഖരം കണ്ടെത്തിയത‌്. ഇവ തിട്ടപ്പെടുത്താനും എന്തുചെയ്യണമെന്ന‌് പരിശോധിക്കാനുമാണ‌് സമിതി.

ക്ഷേത്രം ഭരണസമിതിയുമായി വിശദമായി ചർച്ചചെയ‌്താണ‌് സമിതി കോ–-ഓർഡിനേറ്റർ ഡോ. എം വേലായുധൻനായർ സുപ്രീംകോടതിയിൽ റിപ്പോർട്ട‌് സമർപ്പിച്ചത‌്. റിപ്പോർട്ട‌് ചൊവ്വാഴ‌്ച പരിഗണിക്കും.

13–-ാം നൂറ്റാണ്ടുമുതലുള്ള സ്വർണാഭരണങ്ങൾ, വജ്രം, പവിഴം, മുത്ത‌് പതിപ്പിച്ച ആഭരണങ്ങൾ, യൂറോപ്യൻ നാണയങ്ങൾ, ഏഷ്യയിലെ വിവിധഭാഗങ്ങളിലെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെയും നാണയശേഖരങ്ങൾ എന്നിവയാണ‌് ക്ഷേത്രത്തിൽ ഇതിനകം തുറന്ന എ, സി, ഡി, ഇ, എഫ‌് നിലവറകളിലുള്ളത‌്.

ഇതിൽ എ നിലവറയിലുള്ള ശേഖരങ്ങളാണ‌് മ്യൂസിയത്തിൽ ആദ്യം ഉൾപ്പെടുത്തുക. ബി നിലവറ തുറക്കുന്ന മുറയ‌്ക്ക‌് അവയും ഉൾപ്പെടുത്താം.

സി, ഡി,ഇ, എഫ‌് നിലവറകളിലെ ശേഖരങ്ങൾ ക്ഷേത്രാവശ്യത്തിന‌് ദൈനംദിനവും ഉത്സവസമയത്തും ഉപയോഗിക്കേണ്ടതിനാൽ അവ മ്യൂസിയത്തിൽ സ്ഥാപിക്കില്ല.

മ്യൂസിയത്തോട‌് തിരുവിതാംകൂർ രാജകുടുംബം അനുകൂല നിലപാടാണ‌് സ്വീകരിച്ചിട്ടുള്ളതെങ്കിലും എല്ലാ ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതിനോട‌് യോജിപ്പില്ലെന്ന‌് റിപ്പോർട്ടിൽ പറയുന്നു.

അമ്പലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങൾ ഉപയോഗപ്പെടുത്തി അതീവസുരക്ഷയുള്ള മ്യൂസിയമാണ‌് ഉദ്ദേശിക്കുന്നത‌്.

ക്ഷേത്ര സമുച്ചയം, വളപ്പ‌് എന്നിവിടങ്ങളിലെ സൗകര്യം, സുരക്ഷ എന്നിവയെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്. ചുരുങ്ങിയത‌് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തിൽനിന്ന‌് വരുമാനം ലഭിക്കുമെന്നാണ‌് സമിതി നിഗമനം.

സന്ദർശകരായ തദ്ദേശിയർക്ക‌് 500 രൂപയും വിദേശികൾക്ക‌് നൂറ‌് ഡോളറും ഫീസ‌് ഈടാക്കാം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിന‌് അനുസൃതമായി വർഷം 30 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News