ഇരവികുളം ദേശീയ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശം നിരോധിച്ചു

മൂന്നാര്‍: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന കാലമായതിനാല്‍ 2 മാസത്തേക്ക് രാജമലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശം നിരോധിച്ചു.

മാര്‍ച്ച് 21 വരെയാണ് നിരോധനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. ഈ മാസങ്ങളില്‍ സാധാരണ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കാറില്ല.

പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍ മുതല്‍ സന്ദര്‍ശനം അനുവദിക്കുന്നതോടെ രാജമലയില്‍ സഞ്ചാരികളുടെ വലിയ തിരക്കാകും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാണ് രാജമലയിലെ വരയാടുകള്‍.

സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിദിനം 2500 പേര്‍ വരയാടുകളെ കാണാനായി എത്തുന്നതായാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

97 ച. കീ. മീ. വിസ്തൃതിയുള്ള ഇരവികുളം ദേശീയോദ്യാനത്തിന്റെ ടൂറിസം മേഖലയാണ് രാജമല. വരയാടുകളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ ചോലവനങ്ങളും പുല്‍മേടുകളും ഇവിടെയുണ്ട്. വംശനാശം നേരിടുന്ന വരയാടുകള്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണ് രാജമല.

ഒരു സീസണില്‍ ജനിക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമാണ് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വളരുന്നുള്ളൂ. 1887ല്‍ മണ്‍റോ സായിപ്പ് 227 ചതുരശ്ര മൈല്‍ പ്രദേശങ്ങള്‍ വിലക്കുവാങ്ങി കണ്ണന്‍ ദേവന്‍ മലകളില്‍ ആധിപത്യം സ്ഥാപിച്ച കാലം മുതല്‍ ശ്രദ്ധേയമാണ് രാജമല.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ തന്നെ ഭാഗമായിരുന്ന രാജമല 1978ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രാജമല കേരളത്തിലെ വന്യ ജീവിസങ്കേതങ്ങളുടെ പട്ടികയിലായി മാറി.

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമാണ് ഇപ്പോള്‍ ഈ പ്രദേശത്തിനുള്ളത്. കടുവ, പുള്ളിപുലി, കരടി തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി വന്യ ജീവികളുടെയും ആവാസ മേഖലയാണിവിടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel