മലയാള സിനിമയിലെ മെയ്യഴകായി മുംബൈ മലയാളി സുദേവ് നായര്‍

ശരീര സൗന്ദര്യത്തില്‍ പൃഥ്വിരാജിനോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്ത് വയ്ക്കുന്ന നടനാണ് സുദേവ് നായര്‍. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മുംബൈ മലയാളിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സുദേവിന്റെ ആദ്യ മലയാള ചിത്രമായ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയിലും സുദേവിന്റെ അഭിനയം പ്രേക്ഷക പ്രീതി.

ഈയിടെ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നിവിന്‍ പൊളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ പോരാളിയുടെ റോളില്‍ സുദേവ് ശ്രദ്ധ നേടി. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ റിലീസ് മിഖായേലിലും സുദേവ് സാന്നിധ്യമറിയിച്ചു. ഇതിന് പുറകെയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിലും സുപ്രധാനമായ വേഷത്തില്‍ സുദേവ് നായര്‍ കരാറിലായിരിക്കുന്നത്.

പഠിക്കുന്ന കാലം മുതല്‍ അഭിനയത്തോടുള്ള അമിതമായ ആവേശമാണ് സുദേവിനെ പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിക്കുന്നത്. അഭിനയത്തിന് പുറമെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള അവബോധവും മറ്റും സ്വായത്തമാക്കിയാണ് സുദേവ് പൂനെയില്‍ നിന്നും പടിയിറങ്ങിയത്.

ചെറുപ്പം മുതല്‍ ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു സുദേവ്. മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചിലവഴിക്കുന്നത്. വീട്ടില്‍ സ്വന്തമായി ജിം തന്നെയുണ്ട് സുദേവിന്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവ് നായര്‍ ഡാന്‍സിലും മികവ് തെളിയിച്ചിട്ടുള്ള നടനാണ്.

മുംബൈയില്‍ താനെ നഗരത്തില്‍ താമസിക്കുന്ന പാലക്കാട്ടുകാരനായ വിജയകുമാറിന്റെയും പറവൂര്‍ സ്വദേശിനിയായ സുബദയുടെയും മകനാണ് സുദേവ് നായര്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സായ സുദേവ് പഠനകാലത്തു തന്നെ നല്ല ഉദ്യോഗം നേടിയിട്ടും മനസ്സ് മുഴുവന്‍ സിനിമയിലായിരുന്നു. ഹിന്ദിയില്‍ ഗുലാബ് ഗ്യാങ് എന്ന സ്ത്രീപക്ഷ സിനിമയിലാണ് സുദേവ് ആദ്യമായി മുഖം കാണിക്കുന്നത്. എന്നാല്‍, ആ ചിത്രത്തില്‍ സുദേവിനെ ശ്രദ്ധിച്ച നടന്‍ എം.ബി പത്മകുമാര്‍ താന്‍ ആദ്യമായ സംവിധാനം ചെയ്യുന്ന മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here