ഐ സി സി ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ വിരാട് കോഹ്ലിക്ക്; വിരാട ചരിത്രം വീണ്ടും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ഈ വർഷത്തെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഐ സി സിയുടെ മികച്ച ടെസ്റ്റ് താരം,

ഏകദിന താരം, ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങളാണ് കോഹ്ലിയെ തേടിയെത്തുന്നത്. ഈ മൂന്ന് ബഹുമതികളും ഒന്നിച്ച് നേടുന്ന ആദ്യ താരമാണ് കോഹ്ലി.

ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ആദ്യമായി നേടിയ കോഹ്ലി, മികച്ച ഏകദിന ക്രിക്കറ്ററെന്ന ബഹുമതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വന്തമാക്കി.

13 ടെസ്റ്റുകളിൽ അഞ്ച് സെഞ്ചുറികളോടെ 55.20 ശരാശരിയിൽ 1,322 റൺസാണ് കോഹ്ലി കഴിഞ്ഞ വർഷം നേടിയത്.

14 ഏകദിന മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ച്വറികളുടെ ബലത്തിൽ 133.55 ശരാശരിയിൽ 1,202 റൺസും കോഹ്ലി സമ്പാദിച്ചു.

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സര്‍ ഗാരി സോബോ‍ഴ്സ് പുരസ്കാരവും കോഹ്ലിക്കാണ്. ടെസ്റ്റ്, ഏകദിന മികവിന് പുറമെ 10 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നായി 210 റണ്‍സും കോഹ്ലി നേടിയിരുന്നു.

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി ക‍ഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 47 ഇന്നിങ്ങ്സുകളില്‍ നിന്ന് കോഹ്ലി അടിച്ചെടുത്തത് 2,735 റണ്‍സാണ്. 11 സെഞ്ച്വറികളും ഒന്‍പത് അര്‍ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

2018 കലണ്ടർ വർഷത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ്. മുൻ താരങ്ങളും മാധ്യമപ്രവർത്തകരും ഉൾക്കൊള്ളുന്ന ഐ.സി.സി വോട്ടിങ് അക്കാദമിയാണ് വോട്ട് വഴി ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അക്കാദമിയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് കോഹ്ലിയെ ആണ്
നാമനിർദേശം ചെയ്തത്.

ഇന്ത്യ, ന്യൂസിലാൻഡ് ടീമുകളിലെ മൂന്നു താരങ്ങൾ ടെസ്റ്റ് ടീമിലുണ്ട്. ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ ഇടം നേടിയത് ശ്രദ്ധേയമായി.

ഐസിസി ടെസ്റ്റ് ടീം (ബാറ്റിങ് ഓർഡറിൽ): ടോം ലതാം (ന്യൂസിലൻഡ്) ദിമുത്ത് കരുണാകര (ശ്രീലങ്ക), കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്), വിരാട് കോഹ്ലി (ഇന്ത്യ) (ക്യാപ്റ്റൻ), ഹെന്‍റി നിക്കോളസ് (ന്യൂസിലൻഡ്),. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ഇന്ത്യ) ജേസൺ ഹോൾഡർ (വിൻഡീസ്),. കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), നഥാൻ ലിയോൺ (ഓസ്ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാകിസ്താൻ).

വിരാട് കോഹ്ലിയെ കൂടാതെ രണ്ടു ടീമിലും ഇടം പിടിച്ചിരിക്കുന്ന ഏകതാരം പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളിലെ നാല് താരങ്ങൾ വീതം ഏകദിന ടീമിലെത്തി.

ഐ സി സി ഏകദിന ടീം (ബാറ്റിങ് ഓർഡറിൽ):. രോഹിത് ശർമ്മ (ഇന്ത്യ), ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്), വിരാട് കോഹ്ലി (ഇന്ത്യ) (ക്യാപ്റ്റൻ), ജോ റൂട്ട് (ഇംഗ്ലണ്ട്), റോസ് ടെയ്ലർ (ന്യൂസിലൻഡ്), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പര്‍, ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), മുസ്തഫിസുറഹ്മാൻ (ബംഗ്ലാദേശ്), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ)

ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News