വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഹാക്കര്‍ക്കെതിരെ കേസെടുത്തു

ഇന്ത്യയിലെ വോട്ടിങ്ങ്മെഷീനുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെതിരെ ദില്ലി പോലീസ് കേസെടുത്തു. തെറ്റിദ്ധാരണ പ്രചരിപ്പിച്ചെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വെളിപെടുത്തല്‍ നടത്തിയ ഹാക്കര്‍ സയ്യിദ് ഷുജയ്ക്ക് ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ക്ക് പ്രകാരമാണ് കേസ്.

ഇവിഎം മെഷീന്‍ ക്രമക്കേടുകളെക്കുറിച്ച് ലണ്ടനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി മധുസുദനന്‍ ഗുപ്ത നല്‍കിയിരിക്കുന്ന പരാതിയില്‍ ഹാക്കറുടെ പേര് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്.

മനപൂര്‍വ്വം സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ലക്ഷ്യമിട്ടാണ് ഹാക്കറുടെ വാര്‍ത്താസമ്മേളനം. ഇത് പ്രകാരം ആറ് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ചട്ടം 505 പ്രകാരം കേസെടുക്കണമെന്ന് പാരതിയില്‍ ആവശ്യപ്പെടുന്നു. പൊതുമേഖല സ്ഥാപനങ്ങളായ ഇ.സി.ഐ.എല്‍, ബി.ഇ.എല്‍ എന്നിവര്‍ ഉല്‍പാദിപ്പിക്കുന്ന വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും ഇ.വി.എം ഉപയോഗിക്കുന്നത് ഉത്തരവുകളിലൂടെ അനുവദിച്ചിട്ടുണ്ട്. ചില രാഷ്ട്രിയ പാര്‍ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിഎം ചലഞ്ച് നടത്തിയിട്ടുണ്ട്. ആരും കുഴപ്പം കണ്ട് പിടിച്ചില്ലെന്നും കമ്മീഷന്‍ പരാതിയില്‍ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി ലഭിച്ച ദില്ലി പോലീസ് ഹാക്കര്‍ക്കെതിരെ കേസെടുത്തു.

വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ദില്ലി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനുള്ള അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമര്‍ദത്തിലാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here