വിഷപ്പുക വീട്ടിനകത്തുമുണ്ട്; ഇരകളാകട്ടെ കുരുന്നുകളും

കെ രാജേന്ദ്രന്‍

അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഫാക്ടറികളും വാഹനങ്ങളും പുറന്തളളുന്ന വാതകങ്ങളാണ് ആദ്യം ഓര്‍മ്മവരിക. നഗരങ്ങളിലെ വിഷപ്പുകയില്‍ നിന്ന് രക്ഷപ്പെടാനായി പലരും മുഖപടം ധരിച്ച് നടക്കും. ദില്ലിയില്‍ കരിമ്പുക മൂടിയ ദിനങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്കിയിരുന്നു.

സോളാറും ഇലക്ട്രിക് ബാക്ടറിയും ഹരിത ഗൃഹങ്ങളുമെല്ലാം വായുമലിനീകരണം തടയാനുളള വിജയിച്ച പരീക്ഷണങ്ങളാണ്. എന്നാല്‍ വീട്ടിനകത്ത് ഒളിച്ചിരിക്കുന്ന ശത്രുവിനെക്കുറിച്ച് കാര്യമായ അവബോധം ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അടുക്കളപ്പുക അപകടകാരി
———————————–


വികസനത്തിന്റെ വിജയഗാഥകള്‍ പറയുമ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 83% സ്ത്രീകളും നഗരങ്ങളിലെ 20% സ്ത്രീകളും പാചകം ചെയ്യുന്നതിനായി ഇന്നും ആശ്രയിക്കുന്നത് ഘനരൂപത്തിലുളള പരമ്പരാഗത ഇന്ധനങ്ങളാണ്.

വിറക്,കല്‍ക്കരി, ഉണക്കിയ ചാണകം തുടങ്ങിയയാണ് പ്രധാന ഘന ഇന്ധനങ്ങള്‍.പാചകത്തിനായി മണിക്കൂറുകള്‍ എടുക്കും. ദീര്‍ഘനേരം അമ്മമാരും കുഞ്ഞുങ്ങളും വിഷപ്പുക ശ്വസിക്കേണ്ടിവരും. വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികള്‍ മുഴുവന്‍ സമയവും വീട്ടില്‍ ഉണ്ടാകില്ല. ശൈശവ കാലത്തെ കുട്ടികളെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക.

ഘന ഇന്ധനം ഉപയോഗിക്കുന്ന ഒരു സ്ത്രീ ഒരു ദിവസം ശരാശരി 7.77 പി പി എം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുമ്പോള്‍ ഇതേ വീട്ടിലെ കുട്ടി ശ്വസിക്കുന്നത്6.48 പി പിഎം കാര്‍ബണ്‍ മോണോക്‌സൈഡാണ്. 6.48 പി പി എം കാര്‍ബണ്‍ മോണോക്‌സൈഡ് കുട്ടി ശ്വസിക്കുന്നത് ഒരു ദിവസം 7 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്.
പുകവലിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. പൊതുസ്ഥലത്തെ പുകവലി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വീട്ടിനകത്തും പരിസരത്തുമുളള പുകവലി നിര്‍ബാധം തുടരുകയാണ്. പുക നേരിട്ട് വലിക്കുന്ന അച്ഛനേക്കാള്‍ അപകടകരമായ ആരോഗ്യപ്രശ്‌നങ്ങളാണ് അച്ഛന്റെ
മടിയിലിരിക്കുന്ന കുഞ്ഞിന് ഉണ്ടാകുന്നത്.

സിഗരറ്റ് പുക അന്തരീക്ഷത്തിലെത്തുന്നതോടെ കാന്‍സറിന് കാരണമായേക്കാവുന്ന നാല്പതോളം രാസവസ്തുക്കളുമായി കൂടികലര്‍ന്ന ശേഷമായിരിക്കും കുഞ്ഞിന്റെ ശ്വാസകോശത്തിലെത്തുക.

പുകവലിയും അടുക്കളപ്പുകയും മാത്രമല്ല; വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന കീടനാശിനികള്‍,പെയ്ന്റ് തുടങ്ങിയവയെല്ലാം വായു മലിനീകരണം ഉണ്ടാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഗാര്‍ഹിക മലിനീകരണം മൂലം ലോകത്ത് ഒരു ദിവസം
ശരാശരി 4000 പേര്‍ മരിക്കുന്നുണ്ട്.

ഇവരിലെ പകുതിയോളം കുട്ടികളാണ്.ഗാര്‍ഹിക മലിനീകരണം കുറച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് കാന്‍സര്‍,ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ഓര്‍മ്മക്കുറവ് തുടങ്ങിയവയെല്ലാം പിടിപെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News