‘ബേഠി ബച്ചാവോ ബേട്ടി പഠാവോയുടെ ലക്ഷ്യം പ്രശസ്തി മാത്രം; പദ്ധതി പരാജയമെന്ന് കണക്കുകള്‍

‘ബേഠി ബച്ചാവോ ബേട്ടി പഠാവോ ‘യുടെ പ്രചരണത്തിനായി മാത്രം കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് പദ്ധതി ഫണ്ടിന്റെ 56 ശതമാനം തുക. പദ്ധതിക്കായി അനുവദിക്കപ്പെട്ട 648 കോടി രൂപയില്‍ 365 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ആകെ ഫണ്ടിന്റെ 25 ശതമാനം സംസ്ഥാന,ജില്ലാ ഭരണകൂടങ്ങള്‍ വഴി വിനിയോഗിച്ചപ്പോള്‍ 19 ശതമാനം ഫണ്ട് ഇപ്പോഴും വിനിയോഗിക്കാന്‍ അനുവദിക്കാതെ കിടക്കുന്നു. കുട്ടികളുടെ സ്ത്രീ പുരുഷ അനുപാതം കുറയുന്നത് തടയുമെന്ന പ്രഖ്യാപിത ലക്ഷ്യവും നടപ്പായില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ടുകള്‍ പരസ്യത്തിനായി ചെലവഴിക്കുകയും താഴെക്കിടയിലേക്ക് ചെലവാക്കത്തതും പദ്ധതിയെ പരാജയമാകാന്‍ കാരണമാവുകയാണ്.

കുട്ടികളുടെ സ്ത്രീ പുരുഷ അനുപാതം കുറയുന്നത് തടയുക, പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റമുണ്ടാക്കുക ഇവ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരിയില്‍ ‘ബേഠി ബച്ചാവോ ബേട്ടി പഠാവോ’പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ പ്രചരണം മാത്രമാണ്് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നും ഫണ്ടുകള്‍ ഫലപ്രദമായി താഴെക്കിടയില്‍ വിനിയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കണക്കുകള്‍.

വനിതാ ശിശുവികസന സഹമന്ത്രി വീരേന്ദ്രകുമാര്‍ ജനുവരി നാലിന് ലോക്സഭയില്‍ നല്‍കിയ മറുപടി പ്രകാരം പദ്ധതി തുടങ്ങിയത് മുതല്‍ ഇതേവരെ അനുവദിച്ച 648 കോടി രൂപയില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിച്ചത് 364 കോടി 66 ലക്ഷം രൂപയാണ്. ആകെ അനുവദിച്ച ഫണ്ടിന്റെ 56 ശതമാനം വരുമിത്.

ബാക്കിയുള്ള ഫണ്ടിന്റെ 24.5 ശതമാനമാണ് സംസ്ഥാന,ജില്ലാ ഭരണകൂടങ്ങള്‍ വഴി വിനിയോഗിച്ചത്. കൃത്യമായി പറഞ്ഞാല്‍ 159കോടി 18 ലക്ഷം രൂപ. ഇതൊന്നും കൂടാതെ 19.16 ശതമാനം ഫണ്ട് ഇതേവരെ ചെലവഴിച്ചിട്ടുമില്ലെന്നും കണക്കുകള്‍ പറയുന്നു. 2018-19 വര്‍ഷത്തിലാണ് പദ്ധതിക്ക് കൂടൂതല്‍ തുക വകയിരുത്തിയത്. 280 കോടി രൂപ. ഇതില്‍ പരസ്യത്തിന് ചെലവഴിച്ചത്് 155 കോടി 71 ലക്ഷം രൂപയാണ്.ഇതില്‍ 70 കോടി 63 ലക്ഷം രൂപ മാത്രമാണ് ഇതേവരെ ചെലവഴിച്ചത്. കുട്ടികളുടെ സ്ത്രീ പുരുഷ അനുപാതം കുറയുന്നത് തടയുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലായിട്ടില്ലെന്നും കണക്കൂകള്‍ സൂചിപ്പിക്കുന്നുണ്ട്. പദ്ധതി ഇതേവരെയായി നടപ്പിലാക്കിയ രാജ്യത്തെ 161 ജില്ലകളില്‍ 53 ജില്ലകളിലും അനുപാതം കുറയുന്നുവെന്ന പഠനങ്ങളാണ് ഇതിനാധാരം. പദ്ധതി തുക വ്യാപകമായി പരസ്യത്തിന് വേണ്ടി ചെലവഴിക്കുകയും താഴെക്കിടയില്‍ നല്‍കാത്തതുമാണ് പദ്ധതി പരാജയത്തിലേക്ക് നീങ്ങുന്നതിന് പിന്നില്‍ എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here