അമൃതാനന്ദമയി മഠത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

അമൃതാനന്ദമയി മഠത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നിലപാട് മാറ്റിയത് കൊണ്ടാണോ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മാതാഅമൃതാനന്ദമയി മുന്‍നിലപാട് തിരുത്തിയതെന്ന് കോടിയേരി.

മാതാ അമൃതാനന്ദമയീമഠം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. മാതാ അമൃതാനന്ദമയിയെ പോലൊരു മഹത്വത വ്യക്തിത്വം അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു

തിരുവനന്തപുരത്ത് ബിജെപി വിട്ട് വന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കിയ പൊതുയോഗത്തില്‍ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ അമൃതാനന്ദമയി മഠത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് . മാതാ അമൃതാനന്ദമയിയെ പോലൊരു മഹത് വ്യക്തിത്വം അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കും. മാതാ അമൃതാനന്ദമയീമഠം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. മഠത്തിനെതിരെ ഞങ്ങള്‍ നിലപാട് എടുത്തിട്ടില്ല. മഠം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു

അയ്യപ്പഭക്ത സംഗമത്തില്‍ മുന്‍നിലപാട് തിരുത്തി സ്ത്രീപ്രവേശനത്തെ എതിര്‍ത്ത സ്വാമിചിദാനന്ദപുരിക്കും കിട്ടി കോടിയേരിയുടെ കൊട്ട്
കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ചും ബിജെപിയെ കടന്നക്രമിച്ചുമാണ് കോടിയേരി പ്രസംഗം തുടര്‍ന്നത്.

കോണ്‍ഗ്രസുകാര്‍ ചാടി പോകാതിരിക്കാന്‍ റിസോര്‍ട്ടില്‍ കൊണ്ടുപോയി വേലികെട്ടി താമസിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്പരം കുപ്പികൊണ്ട് തലയ്ക്കടിക്കുന്നുവെന്നും കോടിയേരി കര്‍ണ്ണാടക സംഭവങ്ങള്‍ ചൂണ്ടികാട്ടി പരിഹസിച്ചു. രാമക്ഷേത്രം അവിടെത്തന്നെ നിര്‍മ്മിക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സി പി ജോഷിയും ഹരീഷ് റാവത്തും പറയുന്നത്. ഈ അഭിപ്രായം പറയുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ബദലാവാന്‍ കഴിയുക.

ഇടതുപക്ഷത്തിന്റെ അംഗസംഖ്യയുടെ ബലത്തില്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആകുകയുളളു എന്ന് കോടിയേരി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കോണ്‍ഗ്രസിനെതിരെ ഒരു വാക്കു പോലും മിണ്ടുന്നില്ല, കോണ്‍ഗ്രസ് തിരിച്ചും മിണ്ടുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. പൊതുയോഗത്തില്‍വെച്ച് ബിജെപി വിട്ട് സിപിഐഎംലെക്ക് എത്തിയ 51 പ്രവര്‍ത്തകര്‍ക്ക് കോടിയേരി സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന സമിതി അംഗം വെളളനാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പേരാണ് സിപിഐഎംലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here