പശ്ചിമ യുപിയെ ആശങ്കയിലാഴ്ത്തി തൊണ്ടവീക്കം; കുരുന്നുകള്‍ മരിച്ച് വീഴുന്നു

കെ രാജേന്ദ്രന്‍

തൊണ്ടവീക്കം കുരുന്നുകളില്‍ മരണം പടര്‍ത്തുന്ന മാരക രോഗമാണ്.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും രാജ്യത്തെ പൊതുസ്ഥിതി അപകടകരമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് തൊണ്ടവീക്കം ബാധിച്ചവരിലെ 60% ഇന്ത്യയിലായിരുന്നു.

പോയവര്‍ഷം അവസാനത്തോടെ പശ്ചിമയുപിയില്‍ ഡിഫ്റ്റീരിയ പടര്‍ന്നു. ദില്ലിയിലെ മഹര്‍ഷി വാല്മീകി സാംക്രമിക രോഗ വിമുക്തി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പശ്ചിമ യുപിയില്‍ നിന്നുളള 183 പേരാണ് തൊണ്ടവീക്കത്തിന് ചികിത്സ തേടിയെത്തിയത്.
ഇവരിലെ 23 പേര്‍ മരിച്ചു. എല്ലാവരും കുട്ടികള്‍.

കോര്‍നെ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗം പടര്‍ത്തുന്നത്. രോഗിയുടെ തുമ്മല്‍, ചുമ എന്നിവയിലൂടെയെല്ലാം ഡിഫ്തീരിയ പടരാം.

തൊണ്ടവേദന,ശരീരവേദന,പനി,തൊണ്ടയിലെ വീക്കം,ചുമ,ജലദോഷം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

വളരെ പെട്ടെന്ന് കുട്ടികളില്‍ ഹൃദയാഘാതവും വൃക്കരോഗവും ഉണ്ടാക്കാം. തുടത്തത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ മരിച്ചേക്കാം.

ഡിഫ്റ്റീരിയ തടയാന്‍ കുഞ്ഞുങ്ങള്‍ക്ക് പെന്റാവാലന്റ് വാക്‌സിനും ഡി പി ടി ബൂസ്റ്റര്‍ ഡോസുകളും നല്കുന്നു.

എന്നാല്‍ കുട്ടികള്‍ക്കിടയിലെപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഏറ്റവും അധികം ശിശുക്കള്‍ ഉളള യു പിയില്‍ പാളുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം യു പിയിലെ പകുതിയോളം കുട്ടികള്‍ക്ക് പ്രതിരോധ ഔഷധങ്ങള്‍ ലഭിക്കുന്നില്ല.

മാലിന്യജീവിതവും തൊണ്ടവീക്കവും

ഉത്തര്‍ പ്രദേശിലെ ഏറ്റവും വികസിതമായ മേഖലയാണ് പശ്ചിമ യു പി. എന്നാല്‍ ഈ മേഖലയിലാണ് ഏറ്റവുമധികം കുട്ടികള്‍ തൊണ്ടവീക്കം ബാധിച്ച് മരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുസഫര്‍നഗര്‍ നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ താരതമ്യേന വൃത്തിയുളളതാണ്. എന്നാല്‍ അല്പം ഉളളിലേയ്ക്ക് പോയാല്‍ ചിത്രം മാറും. വൃത്തിയുടെ സന്ദേശം നഗരങ്ങളിലെ ഗലികളിലും ഗ്രാമങ്ങളിലും എത്തിയിട്ടില്ല.
മാലിന്യങ്ങള്‍ക്കും ദുര്‍ഗന്ധങ്ങള്‍ക്കും ഇടയിലാണ് പലരുടേയും ബാല്യകാലം.

പോഷകഹാരക്കുറവ്, പകര്‍ച്ച വ്യാധികള്‍, മാറാ രോഗങ്ങള്‍. ഇതെല്ലാമാണ് കുരുന്നുകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. 2018ല്‍ ഒക്ടോബര്‍ മാസം വരെയുളള കാലയളവില്‍ 15 കുട്ടികള്‍ക്ക് തൊണ്ടവീക്കം പിടിപെട്ടു. ഇവരിലെ 5 കുട്ടികള്‍ മരിച്ചു.
ശൈശവകാല രോഗപ്രതിരോധ കുത്തിവെപ്പുകള്‍ പലകുട്ടികള്‍ക്കും ലഭിക്കുന്നില്ല. ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്ത് ഇവിടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദൗത്യത്തിന് വിഘാതം നില്കുന്ന ഘടകങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഫീള്‍ഡ് ഓഫീസര്‍ അമിത് ഇങ്ങനെ വിശദീകരിക്കുന്നു;

70% കുട്ടികള്‍ക്ക് രോഗ പ്രതിരോധ ഔഷധങ്ങള്‍ ലഭിക്കുന്നുണ്ട്. 30% കുട്ടികള്‍ക്ക് കിട്ടുന്നില്ല. അവരിലെ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍ ഉളളവരാണ്. അവര്‍ക്ക് വിദ്യാഭ്യാസം കുറഞ്ഞ് പോയതാണ് പ്രശ്‌നം.’

പ്രത്യേക സമുദായം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് മുസ്ലിം സമുദായത്തെയാണ്. എന്നാല്‍ പണ്ട് ഉണ്ടായിരുന്ന അത്ര എതിര്‍പ്പ് ഇപ്പോള്‍ ഇല്ലെന്നാണ് പ്രമുഖ ഇസഌമിക പണ്ധിതനും മുസഫര്‍ നഗര്‍ മഹമ്മദീയ സര്‍വന്ത് മദ്രസയിലെ പ്രധാനാധ്യാപകനുമായ മൗലാന കലിം ഉല്ല പറയുന്നത്;

‘ഇവിടെ ഏതെങ്കിലും കുടുംബം കുട്ടികള്‍ക്ക് പോളിയോ കൊടുക്കുന്നതിന് മടി കാണിച്ചാല്‍ ഉദ്യോഗസ്ഥര്‍ അവരെയും വിളിച്ച് ഇവിടെ വരും. എന്നിട്ട് പോളിയോ എടുക്കുന്നില്ല എന്ന് പറയും.അപ്പോള്‍ ഞാന്‍ പറയും. ഇത് നല്ലതിനാണ്, ധൈര്യമായി എടുക്കുക. ഇവര്‍ നമ്മുക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. അപ്പോള്‍ ജനങ്ങള്‍ അത് അംഗീകരിക്കുന്നു. സര്‍ക്കാറിന്റെ ഏതുതരത്തിലുളള പദ്ധതി പദ്ധതി വരുമ്പോഴും ഞങ്ങള്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു’

വികസന രംഗത്തെ യു പി സര്‍ക്കരിന്റെ മുന്‍ഗണനാ വിഷയങ്ങള്‍ തന്നെയാണ് അടിസ്ഥാന പ്രശ്‌നം. അലഹാബാദ് കുംഭമേളയ്ക്കായി ആദിത്യനാഥ് സര്‍ക്കാര്‍ നിക്കിവെച്ചത് 5000 കോടി രൂപയാണ്. എന്നാല്‍ ശിശുക്ഷേമം,ആരോഗ്യം സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെയും പശ്ചിമ യു പിയില്‍ തൊണ്ടവീക്കം ബാധിച്ചും കുട്ടികള്‍ മരിച്ചുവീഴാനുമുളള കാരണം ഇതുതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here