കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നിരീശ്വരന്‍ മികച്ച നോവല്‍, മിണ്ടാപ്രാണി മികച്ച കവിത

തൃശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം നിരീശ്വരന്‍ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി. കവിതാ വിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണി എന്ന കവിതയ്ക്കാണ് പുസ്‌കാരം.

അയ്മനം ജോണ്‍ (ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം- ചെറുകഥ), എസ് വി വേണുഗോപന്‍നായര്‍ (സ്വദേശാഭിമാനി- നാടകം), കല്‍പറ്റ നാരായണന്‍ (കവിതയുടെ ജീവചരിത്രം- സാഹിത്യവിമര്‍ശനം) എന്‍ ജെ കെ നായര്‍ (നദീവിജ്ഞാനീയം- വൈജ്ഞാനിക സാഹിത്യം),

ജയചന്ദ്രന്‍ മൊകേരി (തക്കിജ്ജ എന്റെ ജയില്‍ജീവിതം- ജീവചരിത്രം/ആത്മകഥ) സി വി ബാലകൃഷ്ണന്‍ (ഏതേതോ സരണികളില്‍- യാത്രാവിവരണം), രമാമേനോന്‍ (പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു- വിവര്‍ത്തനം), വി ആര്‍ സുധീഷ് (കുറുക്കന്‍മാഷിന്റെ സ്‌കൂള്‍-ബാലസാഹിത്യം),

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണനങ്ങളും- ഹാസസാഹിത്യം) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. അക്കാദമി അവാര്‍ഡുകള്‍ക്ക് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് സമ്മാനിക്കുക.

സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും അവര്‍ഡുകളും പ്രഖ്യാപിച്ചു. ഡോ. കെ എന്‍ പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ എന്നിവര്‍ക്കാണ് വിശിഷ്ടാംഗത്വം സമ്മാനിക്കുകയെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫെലോഷിപ്പ് തുകയായ അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച പഴവിള രമേശന്‍, എം പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ ജി പൗലോസ്, കെ അജിത, സി എല്‍ ജോസ് എന്നിവരാണ് സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര്‍ഹരായത്.

അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ പറഞ്ഞു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം എന്ന വിഭാഗത്തിലുള്ള ഐ സി ചാക്കോ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പി പവിത്രന്‍ (മാതൃഭാഷയ്‌ക്കുവേണ്ടിയുള്ള സമരം) അര്‍ഹനായി.

മുരളി തുമ്മാരുകുടി (സി ബി കുമാര്‍ അവാര്‍ഡ് കാഴ്ചപ്പാടുകള്‍- ഉപന്യാസം), പി കെ ശ്രീധരന്‍ (കെ ആര്‍ നമ്പൂതിരി അവാര്‍ഡ് അദ്വൈതശിഖരം തേടി- വൈദികസാഹിത്യം), എസ് കലേഷ് (കനകശ്രീ അവാര്‍ഡ് ശബ്ദമഹാസമുദ്രം- കവിത),

അബിന്‍ ജോസഫ് (ഗീതാ ഹിരണ്യന്‍ അവാര്‍ഡ് കല്യാശേരി തീസിസ്- ചെറുകഥാ സമാഹാരം), ഡോ. പി സോമന്‍ (ജിഎന്‍ പിള്ള അവാര്‍ഡ് മാര്‍ക്‌സിസം ലൈംഗികത സ്‌ത്രീപക്ഷം- വൈജ്ഞാനിക സാഹിത്യം) എന്നിവര്‍ക്കാണ് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ ലഭിച്ചത്.

തുഞ്ചന്‍സ്‌മാരക പ്രബന്ധമത്സരത്തില്‍ ശീതള്‍ രാജഗോപാല്‍ ഒന്നാം സ്ഥാനം നേടി. അക്കാദമിയുടെ 2017-ലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംദാസ്, നിര്‍വാഹക സമിതി അംഗങ്ങളായ ഡോ. സി രാവുണ്ണി, ടി ഡി രാമകൃഷ്ണന്‍, ഇ പി രാജഗോപാല്‍, കെ പി ശങ്കരന്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News