ദില്ലി: പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി.

സുന്ദരിയായത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജാ.

സജീവം രാഷ്ട്രിയമാരംഭിച്ച പ്രിയങ്കഗാന്ധിയെ അവഹേളിക്കുന്ന പ്രസ്ഥാവനയാണ് ബിജെപി നേതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. സജീവ രാഷ്ട്രിയ പരിചയം ഇല്ലാത്ത പ്രിയങ്ക സുന്ദരിയായത് കൊണ്ടാണ് ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജാ പറഞ്ഞു.

സൗന്ദര്യം വോട്ട് കൊണ്ട് വരുമായിരിക്കുമെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ജാ കൂട്ടിചേര്‍ത്തു.

രാഷ്ട്രിയത്തില്‍ വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലിഗാര്‍ജുന ഗാര്‍ഗെ പ്രതികരിച്ചു.

പക്ഷെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രസ്ഥാവന പിന്‍വലിക്കില്ലെന്നും നാരായണ്‍ ജാ പറഞ്ഞു.

രാഹുല്‍ഗാന്ധിയ്ക്ക് ഒറ്റയ്ക്ക് പാര്‍ടിയെ നയിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനെ രൂക്ഷമായ ഭാഷയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള വിമര്‍ശിച്ചു. ഉന്നത സ്ഥാനത്തിരുന്ന് തരംതാണ പ്രസ്ഥാവനകള്‍ നടത്തരുതെന്ന് അബ്ദുള സ്പീക്കറെ ഉദേശിച്ച് ട്വീറ്റ് ചെയ്തു.

അതേ സമയം, ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വലിയ അഴിച്ച് പണികള്‍ ആരംഭിച്ചു. ബിജെപി എം.പിയും നെഹറു കുടുംബാഗവുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കമുണ്ട്.

സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം.പി വരുണ്‍ഗാന്ധി ഇപ്പോള്‍ ബിജെപിയുമായി അത്ര അടുപ്പത്തില്‍ അല്ല. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വരുണ്‍ഗാന്ധി മത്സരിക്കുമെന്നും സൂചനയുണ്ട്.