പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവര്‍ അറസ്റ്റില്‍.

വല്ലച്ചിറ സ്വദേശിയും തൃശൂര്‍ ജില്ലയിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് സരോവര്‍.

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സരോവറെ കൊടുങ്ങല്ലൂര്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പുറമെ മറ്റാരെങ്കിലും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, ആക്രമണത്തില്‍ ചെവിക്ക് സാരമായി പരുക്കേറ്റ പ്രിയനന്ദന്‍ ചേര്‍പ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
നേരത്തേ ശബരിമല സമരവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു.

അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ആസൂത്രിതമായ ആക്രമണമാണ് തനിക്ക് നേരെ നടന്നതെന്നും നേരത്തേ ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും സാഹിത്യ അക്കാദമിയില്‍ കയറ്റില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും നാളുകളായി ഫേസ്ബുക്കിലൂടെയും മറ്റ് സാമൂഹ്യ മധ്യമങ്ങളിലൂടെയും പ്രിയനന്ദന് നേരെ സംഘപരിവാറിന്റെ കൊലവിളി തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അപയപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here