ഐഎഫ്എഫ്കെ തിരസ്ക്കരിച്ചു; കാഴ്ചാലോകം ഏറ്റെടുത്തു; ഷെറിയുടെ ക ഖ ഗ ഘ ങ ഗംഭീര സിനിമ

ഐഎഫ്എഫ്കെ തിരസ്കരിച്ചെങ്കിലും കേരളത്തിലെ സമാന്തര പ്രദർശനശാലകളിലൂടെ ചരിത്രം സൃഷ്ടിക്കുകയാണ് ഷെറിയുടെ ഏറ്റവും പുതിയ സിനിമ ക ഖ ഘ ഗ ങ. സമൂഹ മാധ്യമങ്ങളിൽ സിനിമയുടെ കാഴ്ചാനുഭവങ്ങളും നിരൂപണങ്ങളും നിറയുകയാണ്.

സിനിമയെക്കുറിച്ച് പ്രമുഖ ചലച്ചിത്ര വിമർശകനായ മനീഷ് നാരായണനും കവിയും സാഹിത്യ നിരൂപകനുമായ എ സി ശ്രീഹരിയും ഫേസ് ബുക്കിലെഴുതിയ കുറിപ്പുകൾ ചുവടെ വായിക്കാം.

മനീഷ് നാരായണൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ്:

“6 സമീപകാലത്ത് പുറത്തുവന്ന ഗംഭീര സിനിമകളിലൊന്നാണ് ഷെറി രചനയും സംവിധാനവും നിര്‍വഹിച്ച കഖഗഘങ. സൈദ്ധാന്തിക കാപട്യങ്ങള്‍ക്കും, അധികമാനമുണ്ടാക്കാന്‍ വേണ്ടി ഒരുക്കിവയ്ക്കുന്ന ഗിമ്മിക്കുകള്‍ക്കും അപ്പുറം മലയാളത്തിലെ സ്വതന്ത്ര സിനിമാധാരയില്‍ നിന്ന് പുറത്തുവന്ന മികച്ച സിനിമകളിലൊന്ന്.

ആര്‍ട്ട് ഹൗസ് സിനിമകളുടെ സാമ്പ്രദായിക ഹാംഗോവറുകളൊന്നുമില്ലാതെ ഫിലിംമേക്കറുടെ ക്രാഫ്റ്റ് അനുഭവപ്പെടുത്തിയിരുന്ന മണ്‍റോതുരുത്തിന്റെ വിധി ഷെറിയുടെ ചിത്രത്തിന് ഉണ്ടാകരുത്.

ദൃശ്യഭാഷയുടെയും ശബ്ദവിന്യാസത്തിന്റെയും സാധ്യതകളിലൂന്നി സിനിമയെന്ന മാധ്യമത്തില്‍ നടക്കുന്ന പുതുക്കിപ്പണിയലുകളും, പരീക്ഷണങ്ങളും അനുഭവപ്പെടുത്തുന്ന സിനിമയാണ് കഖഗഘങ.

(സ്വതന്ത്ര സിനിമകളില്‍ ശവം,കരി, ക്രൈം നമ്പര്‍ 89 എന്നിവയിലാണ് റിയലിസ്റ്റിക് കഥ പറച്ചില്‍ അടുത്തകാലത്ത് ഭംഗിയായി നിര്‍വഹിച്ചതായി അനുഭവപ്പെട്ടിരുന്നത്)

യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്ത(ഓര്‍മ്മകളോ/മുറിവുകളോ/രോഗമോ അനുവദിക്കാത്ത)മൈത്രേയന്‍. കാലമോ,തീയതിയോ,സമയമോ അയാളുടെ കണക്കുകൂട്ടലുകളില്‍ ഇല്ല, ‘മജീഷ്യനായ’ മൈത്രേയന് തീവണ്ടിയെ അപ്രത്യക്ഷമാക്കി തിരികെവരാമെന്ന് പറഞ്ഞ് സ്വയം അപ്രത്യക്ഷനായ ഉസ്താദിനോടാണ് കൂട്ടും ഗുരുത്വവും.

മായാലോകത്ത് സ്ഥിരതാമസം കൊതിക്കുന്ന മൈത്രേയനും, കാലനൂട്ട് (അനുഷ്ഠാനം) നടത്തി ഓരോ മരണത്തിനുമൊപ്പം സ്വന്തം മരണത്തെ അനുഭവിക്കുന്ന അച്ഛനും ഉള്‍പ്പെടുന്ന കഥാപരിസരത്ത് നിന്നുകൊണ്ട് ഷെറി സൃഷ്ടിക്കുന്ന കാഴ്ചയുടെ ലോകം അമ്പരപ്പിക്കുന്നതാണ്. മൈത്രേയന്‍/ കാലന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ പിന്തുടര്‍ന്നാണ് സിനിമ.

മനോജ് കാനയെന്ന സംവിധായകനെ മുമ്പ് തെരുവുനാടകങ്ങളിലാണ് കണ്ടിട്ടുള്ളത്. ഇവിടെ യാഥാര്‍ത്ഥ്യങ്ങളിലും ഭ്രമാത്മകതയിലും സ്‌കീസോഫ്രീനിയയിലുമായി കഴിയുന്ന മൈത്രേയനായി ഗംഭീര പെര്‍ഫോര്‍മന്‍സാണ് മനോജ് കാനയുടേത്. കഖഗഘങ ഒന്നോ രണ്ടോ പ്രാദേശിക ചലച്ചിത്രമേളകളില്‍ പ്രദര്‍ശനം അവസാനിപ്പിക്കേണ്ട സിനിമയല്ല.

ഷെറിയുടെ തിയറ്ററുകളിലെത്താത്ത ആദ്യസിനിമ ആദിമധ്യാന്തത്തിന് ശേഷം ചെയ്യാനിരുന്ന ചിത്രത്തിന്റെ കഥ കേട്ട് ത്രില്ലടിച്ചിട്ടുണ്ട്. റിയലിസത്തിന്റെയും ഫാന്റസിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയുമൊക്കെ വഴിതിരിവുകള്‍ ഉള്ള അതിഗംഭീര ആഖ്യാനമായിരുന്നു.

ഇപ്പോഴും കഥാപാത്രങ്ങളായും കഥാ സന്ദര്‍ഭങ്ങളായും ഓര്‍മ്മയില്‍ നില്‍ക്കുന്നൊരു സബ്ജക്ടുമാണ്. മികച്ച രീതിയില്‍ എടുക്കപ്പെട്ടാല്‍ മലയാള സിനിമയില്‍ വഴിത്തിരിവാകുന്ന സൃഷ്ടിയായിരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള വിശ്വാസം. കഖഗഘങ ആ വിശ്വാസം ഒന്നൂടെ ഉറപ്പിക്കുന്നു.”

എ സി ശ്രീഹരി ഫേസ് ബുക്കിലെഴുതിയ കുറിപ്പ്:

“ഷെറിയുടെ ക ഖ ഗ ഘ ങ യുടെ ആദ്യപ്രദർശനം പയ്യന്നൂർ ഓപൺ ഫ്രെയിം ഫിലിം ഫെസ്റ്റിൽ നിറഞ്ഞ സദസ്സിൽ നടന്നു.

നവതിയിലെത്തിനില്ക്കുന്ന മലയാളസിനിമയുടെ അപനിർമാണമാണീ സിനിമ. ആധുനികതയുടെ പ്രതിസന്ധികളെ അന്വേഷിക്കുവാനുള്ള ശ്രമം പൂർണമായും വിജയിച്ചിച്ചിരിക്കുന്നു. ഒരു ചെറിയ ക്യാമറ കൊണ്ട് എങ്ങനെയാണ് ചരിത്രം തിരുത്തിയെഴുതേണ്ടതെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

ദ എറൈവൽ ഒഫ് ട്രെയ്ൻ ൽ ആണ് സിനിമാചരിത്രം തുടങ്ങുന്നതെങ്കിൽ വാനിഷിങ് ട്രെയിൻ ആണ് ഷെറി ഭാവനചെയ്യുന്നത്!
‘ആദിമധ്യാന്ത’പ്പൊരുത്തമുള്ള സിനിമ സ്ഥലകാലങ്ങളേയും പ്രശ്നവത്കരിക്കുന്നുണ്ട്. ആധുനികതയുടെ അക്ഷരമാലയെയാണ് സിനിമ പ്രതീകാത്മകമായി മായ്ച്ചുകളയുന്നത്.

കോക്കാട് നാരായണനും മനോജ് കാനയും അനായാസമായി അവതരിപ്പിക്കുന്ന അപ്പനും മകനും സിനിമയുടെ പതിവു പാറ്റേണുകളെ പൊളിച്ചുകളയുന്നു. മകന്റെ ഭാവനയിൽ, അമ്മയെ കിണറ്റിലെറിഞ്ഞു കൊല്ലുന്ന അപ്പനും ഭാര്യയേയും പെൺമക്കളെയും കൊല്ലുന്ന മകനും (ആത്മഹത്യ ഒരു കൊലപാതകമാണ്) തമ്മിലുള്ള പാരസ്പര്യം ഹെമിങ് വേയിലോ ഒ വി വിജയനിലോ കാണാത്ത തരത്തിലാണ്. സിനിമാന്ത്യത്തിലെ ആധുനിക ആണിന്റെ പ്രതീകാത്മക അന്ത്യം ആധുനികതയുടേതുകൂടിയാണ്.

കീഴാളമനുഷ്യരും മൃഗപക്ഷിവൃക്ഷലതാദികളും അപരരാക്കപ്പെട്ട ആണാധുനികതയുടെ പദ്ധതികളെ സാഹിത്യം പലപാട് വിമർശനവിധേയമാക്കുന്ന കാലത്ത് സിനിമ മാത്രം മാറിനില്ക്കുകയായിരുന്നു. വ്യവസായവത്കരിക്കപ്പെട്ട സിനിമയെ ലോ ബജറ്റ് സിനിമ കൊണ്ട് ഷെറി വിളിക്കുന്നത് കാണുക. വാൾട്ടർ ബെഞ്ചമിനെ ഉദ്ധരിച്ചുകൊണ്ട് ഷെറി നടത്തിയ ആമുഖഭാഷണം ഉജ്വലമാവുന്നത് അങ്ങനെയാണ്.

ഐഎഫ്എഫ്കെയിൽ ഇടം കിട്ടാത്തതിൽ ഷെറി തെറിപറയാത്തതിലുള്ള വിവേകം സിനിമ കാണുമ്പഴാണ് മനസ്സിലാവുക. കേരളമൊന്നാകെ ഏകസ്വരത്തിൽ സ്വീകരിക്കണ്ടതില്ലാത്ത വിധം ബഹുവിധ മാണ് പുതിയ സിനിമ. ഷെറി അത് തിരിച്ചറിയുന്നതിലും ഒരു ആധുനികേതരതയുണ്ട്. ഓപൺ ഫ്രെയിം പോലുള്ള പ്രദർശനസ്ഥലങ്ങളാണ് ഈ സിനിമയുടെ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നത്‌. പയ്യന്നൂരിന്റെ ഉൾനാടുകളിൽ, ഏറ്റുകുടുക്കയിലും കാങ്കോലും എരമത്തും മാത്തിലുമൊക്കെ ഈ സിനിമ കാണിക്കണം.
സിനിമ സാധാരണക്കാരുടെ വിനിമയോപാധിയാവുക എന്നത് മുഖ്യധാര(ണ)കളെ ചെറുക്കാനുള്ള വഴി കൂടിയാണ്.

ശേഷം മിനി സ്ക്രീനുകളിൽ :)”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News