സംസ്ഥാന ബജറ്റ്; പ്രതീക്ഷയോടെ തൊ‍ഴില്‍ ഐടി മേഖലകള്‍

കോ‍ഴിക്കോട്:  സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് തൊഴിൽ- ഐ ടി മേഖലകൾ. കൂടുതൽ തൊഴിലവസരങ്ങളും തകർച്ച നേരിടുന്ന വ്യവസായങ്ങൾക്ക് സഹായവും പ്രതീക്ഷിച്ച് തൊഴിലാളികൾ. പുതിയ സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കണമെന്ന് തൊഴിൽ രംഗത്തെ വിദഗ്ധർ.

ഐ ടി മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്നത് പ്രയോജനം ചെയ്യുമെന്നും വിലയിരുത്തൽ. കേരളത്തിലെ തൊഴിൽ മേഖലയിൽ സമൂലമായ മാറ്റം വരുത്താൻ ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്.

ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച പൂർണ്ണമായി ഉപയോഗിക്കാനാവണം. ഇതിന് കേവലം എൻജിനിയറിംഗ് കോളേജുകളല്ല ഇനി വേണ്ടത്.

സ്കിൽ യൂണിവേഴ്സിറ്റികൾ ആരംഭിച്ചെങ്കിലേ അതത് രംഗത്തെ വിദഗ്ധരെ സൃഷ്ടിക്കാനാവൂ എന്ന് ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാവുന്ന ഇടപെടൽ ബജറ്റിൽ ഉണ്ടാവണമെന്ന് തൊഴിലാളികൾ പറയുന്നു. ഇ എസ് ഐ കൂടുതൽ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ വിപുലപ്പെടുത്തണം, മേഖലാ കേന്ദ്രങ്ങൾ ആരംഭിക്കണം, തകർച്ച നേരിടുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം, പരമ്പരാഗത മേഖലയിൽ തൊഴിൽ സുരക്ഷിതത്വം എന്നിവയും തൊഴിൽ മേഖല പ്രതീക്ഷിക്കുന്നു.

കേരളത്തെ ഐ ടി ഹബ്ബായി വളർത്താനുളള ശ്രമമാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് കാര്യക്ഷമമാക്കണമെന്ന് ഐ ടി രംഗം ആവശ്യപ്പെടുന്നു.

കൂടുതൽ നിക്ഷേപം ഈ രംഗത്തുണ്ടാവണം. ഇനിയും പുതിയ ആളുകളെ ആകർഷിക്കാനാവണം. ഐ ടി മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഈ രംഗത്തുള്ളവർ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here