രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി; സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പൊലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്.

പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുപോവുക എന്നത് പൊലീസിന്റെ പൊതുവായ ചുമതല എന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളത്. പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്.

അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാത്പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകളില്‍ അപൂര്‍വ്വം ചിലര്‍ പെട്ടുപോകുന്നുവെന്ന സാഹചര്യവും ഉയര്‍ന്നുവരാറുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ടുമാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ 24ന് അര്‍ദ്ധരാത്രിയോടെ എത്തി പരിശോധന നടത്തിയത്.

ഈ പരിശോധനയില്‍ പ്രതികള്‍ ആരും തന്നെ ഓഫീസിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അടക്കമുള്ള ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.

സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുക എന്നത് ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്.

അതുകൊണ്ടുതന്നെ ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News