ഭരിക്കുന്ന പാര്‍ടി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്കു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  ഭരിക്കുന്ന പാര്‍ടി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്കു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരിക പൈതൃകത്തെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുന്ന ആളാണ് കേരളത്തെക്കുറിച്ച് ഇങ്ങിനെ പറഞ്ഞത്. കമ്യൂണിസ്റ്റ്കാരല്ല, പകരം മോഡിയുടെ അനുയായികളായ സംഘപരിവാറുകാരാണ് കേരളത്തിന്റെ പൈതൃകത്തിനുനേരെ അക്രമണം അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കി ഏകതാരൂപത്തിലാക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. ഇതിന് എല്ലാ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരും. ഇത്തരക്കാര്‍ക്ക് കേരളത്തെ നോക്കുമ്പോള്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

കാരണം കേരളം ബഹുസ്വരത നിലനിര്‍ത്തുന്ന സംസ്ഥാനമാണ്. കമ്യുണിസ്റ്റ് പ്രസ്ഥാനമാണ് കേരളത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത്. ഇക്കാര്യം ഒന്നും മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത് പ്രധാനമന്ത്രിയുടെ പദവിക്കു ചേര്‍ന്നതല്ല.

ബഹുസ്വരതയുടെ ആധാരശില മതനിരപേക്ഷതയാണ്. ഇതിനെതിരെയാണ് സംഘപരിവാറിന്റെ പ്രധാന അക്രമണം. മതനിരപേക്ഷത ഉറക്കെ പ്രഖ്യാപിക്കുന്ന ഭരണഘടന രാജ്യത്തിന് ആപത്താണെന്ന് അവര്‍ പാര്‍ലമെന്റില്‍ അക്രോശിക്കുന്നു. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാര്‍ മതനിരപേക്ഷതക്കെതിരെ സംസാരിക്കുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെതിരെ പ്രതികരിക്കുന്നില്ല. പകരം എല്ലാത്തിനും പിന്തുണ നല്‍കുന്നു. പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം പലപ്പോഴും മറന്നുപോകുന്നു. പണ്ട് അണിഞ്ഞ കാക്കി നിക്കറിന്റെ ഓര്‍മയിലാണ് അദ്ദേഹം ജീവിക്കുന്നത്.

പ്രധാനമന്ത്രി പദമല്ല മോഡിക്ക് വലുത്. പകരം ആര്‍എസ്എസ് പ്രചാരകന്റെ സ്ഥാനത്തെയാണ് വലുതായി കാണുന്നത്. ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്ന കാര്യങ്ങളല്ല പ്രധാനമന്ത്രി നടപ്പാക്കേണ്ടത്. പകരം ഭരണഘടയെ ഉയര്‍ത്തിപ്പിടിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യേണ്ടത്.

കേരളത്തിന്റ സംസ്‌കാരിക പൈതൃകത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി ചിന്തിക്കണം. ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ അക്രമം നടന്നപ്പോള്‍ മോഡി മൗനം പാലിച്ചു.

ഭക്ഷണത്തിന്റെയും പശുവിന്റെയും പേരില്‍ കൊലപാതകങ്ങള്‍ നടന്നപ്പോഴും മിണ്ടിയില്ല. മതന്യുനപക്ഷമായാല്‍ അക്രമിച്ചുകൊല്ലാം എന്ന മാനസികാവസ്ഥയിലേക്കു ഒരുവിഭാഗം എത്തിച്ചേര്‍ന്നത് ഈ കുറ്റകരമായ മൗനമാണ്.

എന്നിട്ടാണ് കേരളത്തിലെ സംസ്‌കാരിക പൈതൃകത്തെക്കുറിച്ച് സംസാരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന അക്രമണങ്ങള്‍ കേരളത്തില്‍ നടക്കില്ല. കാരണം കേരളത്തിന്റെ സംസ്‌കാരിക പൈതൃകം അത്ര ശക്തമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ പിന്തുടര്‍ച്ച ഉണ്ടായ സ്ഥലമാണിത്. ദേശീയ, കര്‍ഷക, തൊഴിലാളി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഈ പിന്തുടര്‍ച്ചയുടെ പതാകാവാഹകര്‍. ഇതില്‍ ഏറ്റവും പ്രസക്തമായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലാണ്.

യാഥാസ്ഥിതിക വിഭാഗങ്ങള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയെങ്കിലും ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ കേരളം ശക്തമായി മുന്നോട്ടു തന്നെ പോയി. അങ്ങിനെയാണ് നമ്മുടെ നാടിന് രാജ്യവും ലോകവും അംഗീകരിക്കുന്ന സംസ്‌കാരിക രൂപമുണ്ടായത്.

ഇത് സംഘപരിവാറിന് അംഗീകരിക്കാനാകില്ല. കാരണം അവര്‍ക്ക് ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും വ്യത്യസ്ത അറകളിലാക്കി അടുക്കിവെക്കുന്ന സമൂഹമാണ് ആവശ്യം. പക്ഷെ ഇവിടെ അത് നടക്കില്ല. കാരണം മതനിരപേക്ഷതയ്ക്ക്‌കേ കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തകര്‍ക്കാന്‍ സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊരിക്കലും ഇവിടെ വിലപ്പോകില്ല.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത് ദുസ്സൂചന നിറഞ്ഞ പരാമര്‍ശമായിരുന്നു. ശബരിമലയുടെ പേരില്‍ സ്വന്തം അനുയായികള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് തുറന്നു പറയാനുള്ള ആര്‍ജവും അദ്ദേഹം കാണിക്കണമായിരുന്നു. കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസായിരുന്നു.

സന്നിധാനത്ത് അക്രമം അഴി ച്ചുവിട്ടതും ആചാരം ലംഘിച്ചതും മറ്റാരുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഘാടക സമിതി ചെയര്‍മാന്‍ എളമരം കരീം അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News